റോമൻ കത്തോലിക്കാ സഭയുടെ പരമ പിതാവ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 88ാം വയസിലാണ് അന്ത്യം. വിഡിയോ പ്രസ്താവനയിലൂടെ വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം.
റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ വൈദികനാണ് ഫ്രാൻസിസ് മാർപാപ്പ. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് ആയിരുന്നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം.
1936 ഡിസംബർ 17ൽ അർജന്റീനയിൽ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജ് മാരിയോ ബർഗോളിയോ ആണ് ലോകം അറിയുന്ന മാർപാപ്പ ആയി മാറിയത്.പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അർജന്റീനയിലേക്കു കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റയിൽവേ ജീവനക്കാരനായി. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ ഒരാളാണ് ജോർജ് മാരിയോ. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോർജ് മാരിയോ ബർഗോളിയോ 1969 ഡിസംബർ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980ൽ സാൻ മിഗ്വൽ സെമിനാരി റെക്‌ടറായി. 1992ൽ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്‌തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര.
2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്‌ഠിച്ചു. 2005ൽ അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി. മൂന്നു വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ലളിതജീവിതം പിന്തുടർന്ന അദ്ദേഹം വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു താമസം.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.














