നോബൽ സാഹിത്യ സമ്മാന ജേതാവും പതിറ്റാണ്ടുകളായി ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അതികായനുമായിരുന്ന പെറുവിയൻ എഴുത്തുകാരൻ മാരിയോ വർഗാസ് യോസ അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു.”ഞങ്ങളുടെ പിതാവ് മാരിയോ വർഗാസ് യോസ ഇന്ന് ലിമയിൽ സമാധാനപരമായി അന്തരിച്ചുവെന്ന് അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു”- അദ്ദേഹത്തിന്റെ മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ ഒപ്പിട്ട ഒരു കത്ത് എക്‌സിൽ അൽവാരോ പോസ്റ്റ് ചെയ്തു. മൃതദേഹം സംസ്‌കരിക്കുമെന്നും പൊതുചടങ്ങുകൾ ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നു.
1959-ൽ വർഗാസ് യോസ തന്റെ ആദ്യ കഥാസമാഹാരമായ “ദി കബ്‌സ് ആൻഡ് അദർ സ്റ്റോറീസ്” (ലോസ് ജെഫെസ്) പ്രസിദ്ധീകരിച്ചു. 1963-ൽ തന്റെ വിപ്ലവകരമായ ആദ്യ നോവലായ “ദി ടൈം ഓഫ് ദി ഹീറോ” എന്ന പുസ്തകത്തിലൂടെ അദ്ദേഹം പ്രശസ്തനായി . പെറുവിയൻ മിലിട്ടറി അക്കാദമിയിലെ തന്റെ അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതും രാജ്യത്തിന്റെ സൈന്യത്തെ പ്രകോപിപ്പിച്ചതുമായ ഒരു പുസ്തകമായിരുന്നു അത്. നോവലിന്റെ ആയിരം കോപ്പികൾ സൈനിക അധികാരികൾ കത്തിച്ചു. ചില ജനറൽമാർ പുസ്തകം വ്യാജമാണെന്നും യോസ കമ്മ്യൂണിസ്റ്റാണെന്നും വിളിച്ചു.
1969-ൽ പുറത്തിറങ്ങിയ “Conversation in the Cathedral” (Conversación en la Catedral) പോലുള്ള തുടർന്നുള്ള നോവലുകളും, ഗബ്രിയേൽ ഗാർസിയ മാർക്വേസിനും കാർലോസ് ഫ്യൂന്റസിനും ഒപ്പം 1960-കളിലും 1970-കളിലുമുള്ള ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ പുതിയ നിരയിലേക്ക് യോയെ എത്തിച്ചു. 2010-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി.












