ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും ഫലമായി കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതിന്റെ സൂചന. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ നാളെ രാത്രി 11.30 വരെ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും പറയുന്നു.