‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന പദ്ധതിയുടെ ഉന്നതതല സമിതി റിപ്പോർട്ട് “ഏറ്റവും വേഗത്തിൽ” കാബിനറ്റിന് മുന്നിൽ സമർപ്പിക്കാൻ കേന്ദ്ര നിയമ മന്ത്രാലയം പദ്ധതിയിടുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ഉന്നതതല സമിതി മാർച്ച് 15 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ സമിതി ശുപാർശ ചെയ്തു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും റാം നാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചു. സമിതി നൽകിയ ശുപാർശകൾ നടപ്പാക്കുന്നത് പരിശോധിക്കാൻ ഒരു ‘ഇംപ്ലിമെൻ്റേഷൻ ഗ്രൂപ്പ്’ രൂപീകരിക്കാനും പാനൽ നിർദ്ദേശിച്ചിരുന്നു.
നിയമനിർമ്മാണ വകുപ്പിൻ്റെ 100 ദിവസത്തെ അജണ്ടയുടെ ഭാഗമായിട്ടാണ് ഈ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അടുത്ത സർക്കാരിനായി 100 ദിവസത്തെ അജണ്ട തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദ്ദേശിച്ചിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. 2029 മുതൽ ലോക്സഭ, സംസ്ഥാന അസംബ്ലികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നീ മൂന്ന് തലങ്ങളിലുള്ള സഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനും തൂക്കുസഭ അല്ലെങ്കിൽ അവിശ്വാസ പ്രമേയം പോലുള്ള വിഷയങ്ങൾ വന്നാൽ സർവകക്ഷി സർക്കാർ രൂപീകരിക്കാനും സമിതി ശുപാർശ ചെയ്യുന്നു.
നിലവിൽ, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്തം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ്, അതേസമയം മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളാണ്.
പാനൽ 18 ഭരണഘടനാ ഭേദഗതികൾ ശുപാർശ ചെയ്തിട്ടുണ്ട്, അവയിൽ മിക്കതിനും സംസ്ഥാന അസംബ്ലികളുടെ അംഗീകാരം ആവശ്യമില്ല. എന്നിരുന്നാലും, പാർലമെൻ്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇതിന് ആവശ്യമാണ്. ഏക വോട്ടർ പട്ടികയും ഒറ്റ വോട്ടർ ഐഡി കാർഡും സംബന്ധിച്ച ചില നിർദ്ദിഷ്ട മാറ്റങ്ങൾക്ക് കുറഞ്ഞത് പകുതി സംസ്ഥാനങ്ങളുടെയെങ്കിലും അംഗീകാരം ആവശ്യമാണ്. ഇത് രണ്ടും നേടിയെടുക്കാൻ സാധിച്ചാൽ മുൻ ബിജെപി സർക്കാരിന്റെ പദ്ധതി നടപ്പാക്കാൻ കഴിയും.