ആർ എൽ വി രാമകൃഷ്ണനെതിരായ വംശീയ അധിക്ഷേപ പരാമർശത്തിൽ നർത്തകി സത്യഭാമയ്ക്ക് ജാമ്യം ലഭിച്ചു. നെടുമങ്ങാട് എസ് സി, എസ് ടി കോടതിയാണ് താക്കീതോടെ ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന നിർദേശത്തോടെയാണ് ജാമ്യം. സമാന കുറ്റകൃത്യം ഇനി ചെയ്യരുതെന്ന് കോടതി താക്കീത് നൽകി .
സത്യം ഒരിക്കൽ പുറത്തുവരുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യഭാമ പ്രതികരിച്ചു. ഇരയ്‌ക്കൊപ്പം നിൽക്കാത്ത വിധിയാണെന്നും ജാമ്യം നൽകിയതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും രാമകൃഷ്ണനും പ്രതികരിച്ചു.
നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. കീഴടങ്ങണമെന്ന് കോടതി നിർദേശം നൽകി. ഇതുപ്രകാരമാണ് അഡ്വ. ബി എ ആളൂരിനൊപ്പം നെടുമങ്ങാട് എസ് സി, എസ് ടി കോടതിയിലെത്തിയത്.
വിവാദ പരാമർശം മൂലം സ്വകാര്യ ജീവിതത്തിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചു, വിദ്യാർത്ഥികളിൽ പലരും അകന്നുപോയി എന്ന് സത്യഭാമയുടെ അഭിഭാഷകൻ അറിയിച്ചു.
എന്നാൽ സത്യഭാമയ്ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. കറുപ്പിനെ വെറുപ്പാണെന്ന് പറഞ്ഞത് ഒരു ചെറിയ കേസായി കാണാൻ കഴിയില്ലെന്ന് രാമകൃഷ്ണന്റെ അഭിഭാഷകൻ വാദിച്ചു. പ്രതി അദ്ധ്യാപികയാണ്. മകനെപ്പോലെ സംരക്ഷിക്കേണ്ടയാളാണ് ഇത്തരമൊരു പരാമർശം നടത്തിയത്. ജാമ്യം നൽകരുത് – അഭിഭാഷകൻ വാദിച്ചു. പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്നു പ്രോസിക്യൂഷനും വാദിച്ചു.