കുവൈത്തില്‍ 26 മലയാളികള്‍ ഉള്‍പ്പെടെ 45 പേര് തീപ്പിടിത്തത്തില്‍ മരിച്ച സംഭവത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനവും മരിച്ച മലയാളികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നത് ഏകോപിപ്പിക്കാനുമായി യാത്ര തിരിക്കാന്‍ തീരുമാനിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കിയില്ല. തുടര്‍ന്ന് മന്ത്രി കുവൈത്ത് യാത്ര ഉപേക്ഷിച്ച് മടങ്ങി.
യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാത്രി വരെ അവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്ങിയെങ്കിലും ഫലമുണ്ടായില്ല.
പ്രധാനമന്ത്രി നിയോഗിച്ച കേന്ദ്ര മന്ത്രി കുവൈത്തില്‍ ഉള്ളതിനാല്‍ മറ്റൊരു സംസ്ഥാന മന്ത്രിക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് വീണാ ജോര്‍ജ്ജിന് യാത്ര ഒഴിവാക്കേണ്ടി വന്നത്.
സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധിയെന്ന നിലയിൽ കുവൈത്ത് സന്ദർശനത്തിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) രാഷ്ട്രീയ അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. വ്യാഴാഴ്ച വൈകിട്ട് കുവൈത്തിലേക്കുള്ള വിമാനം കയറാൻ കൊച്ചിൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയെങ്കിലും അനുമതി നിഷേധിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം യാത്ര റദ്ദാക്കേണ്ടി വന്നതിനെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.