Categories
special story

തൃശ്ശൂര്‍ പൂരം കലങ്ങിയതിനു പിന്നിലെന്ത്…

രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്ന ലോക്‌സഭാ നിയോജകമണ്ഡലമാണ് തൃശ്ശൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മൂന്നും തവണയാണ് നാലുമാസത്തിനിടയില്‍ തൃശ്ശൂരിലെത്തിയതും അവിടെ എത്രയോ കാലമായി തമ്പടിച്ചു സാന്നിധ്യമറിയിച്ചിരുന്ന സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിന് കൂടുതല്‍ താരശോഭ നല്‍കിയതും. കേരളത്തില്‍ തൃശ്ശൂര്‍ അങ്ങെടുക്കാന്‍ ബിജെപി വിരിച്ച വലയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം. ബിജെപി ദേശീയ നേതൃത്വം തന്നെ ലക്ഷ്യമിടുന്ന കേരളത്തിലെ പ്രധാന മണ്ഡലം.
ആ തൃശ്ശൂരില്‍, അതിന്റെ ഹൃദയസ്ഥാനത്തുള്ള ഒരു ആഘോഷത്തിലുണ്ടായ കലക്കം വോട്ടെടുപ്പിന് നാലു ദിവസവും പ്രചാരണം തീരാന്‍ വെറും രണ്ടു ദിനം മാത്രവുമുള്ള അവസാനഘട്ടത്തില്‍ രാഷ്ട്രീയമായ തകിടം മറിച്ചിലുകള്‍ക്കിടയാക്കുമെന്ന ചര്‍ച്ച തൃശ്ശൂരില്‍ സജീവമായിരിക്കുന്നു. തൃശ്ശൂര്‍ പൂരം കലക്കിയതിനു പിന്നില്‍ സംഘപരിവാര്‍ അനുകൂലമായി ഒരു ഗൂഢാലോചന നടന്നുവെന്നും അന്തരീക്ഷത്തില്‍ അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാല്‍ ഇതിന് ഉപോദ്ബലകമായ ഒരു തെളിവും ഇല്ല, വെറും ഊഹാപോഹമല്ലാതെ.

പൂരക്കമ്മിറ്റിക്കാരോട് പൊലീസ് കമ്മീഷണര്‍ തട്ടിക്കയറുന്നതിന്റെ ദൃശ്യം

എങ്കില്‍ എന്താണ് തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങുകളില്‍ ചിലത് കലങ്ങിയതിനു പിന്നില്‍. പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും അടിയന്തിരമായി സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിലൂടെ ലഭിക്കുന്ന സന്ദേശം ഒന്നാം പ്രതി പൊലീസ് ആണെന്നതാണ്. എന്നാല്‍ പൊലീസിനു മേല്‍ കുറ്റം ചാരി സര്‍ക്കാര്‍ രക്ഷപ്പെടുകയാണെന്ന വ്യാഖ്യാനവും ശക്തമാണ്.
പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് തൃശ്ശൂര്‍ പൂരത്തോട് എടുത്ത സമീപനം രാഷ്ട്രീയഭേദമെന്യേ അപലപിക്കപ്പെട്ടിട്ടുണ്ട്. പേര് കേട്ടാല്‍ ആരും കരുതുക കേരളത്തിലെ ആള്‍ക്കൂട്ട മര്യാദകളോ ആഘോഷ രീതികളിലെ സമീപനങ്ങളോ ഒന്നുമറിയാത്ത ഏതോ മറ്റു സംസ്ഥാനത്തു നിന്നും കേരള കേഡറിലെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ എന്നാണ്. എന്നാല്‍ തനി മലായാളി, കൊല്ലം സ്വദേശിയാണ് അങ്കിത് അശോക്. എന്നിട്ടും തൃശ്ശൂര്‍ പൂരത്തെ സൗഹാര്‍ദ്ദപൂര്‍വ്വം കൈകാര്യം ചെയ്യാനുള്ള ധാരണ എന്തുകൊണ്ട് ഈ ഉന്നതോദ്യോഗസ്ഥന് ഇല്ലാതെ പോയി എന്നത് ദുരൂഹമാണ്. ആരുടെയെങ്കിലും നിര്‍ദ്ദേശപ്രകാരമോ ആഗ്രഹപ്രകാരമോ ആണോ ഇദ്ദേഹം ഇത്രയും പ്രകോപനം കാണിച്ചത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. രസകരമായ കാര്യം ഇതില്‍ ഗൂഢാലോചനയുണ്ട് എന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത് സുരേഷ് ഗോപിയാണ് എന്നാണ്. ശബരിമലയിലെതു പോലെ പൂരം കലക്കാന്‍ ആരോ ഗൂഢാലോചന നടത്തി എന്നാണ് സുരേഷ് ഗോപി പറയുന്നത്.

thepoliticaleditor
അങ്കിത് അശോക്

ഉടനെ ഗൂഢാലോചനാവാദം യു.ഡി.എഫ്. സ്ഥാനാര്‍ഥിയും ഏറ്റെടുത്തതോടെ എല്ലാവരും അതിനു പിറകേയായി. എന്നാല്‍ വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നത് പൊലീസ് മേധാവിയുടെ തീര്‍ത്തും തെറ്റായി സമീപനങ്ങളാണ്. മുന്‍വര്‍ഷത്തെ പൂരത്തിനിടയില്‍ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം നടക്കുന്ന സമയത്ത് മേള ആസ്വാദകരെയും പൂരപ്രേമികളെയും ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയത് തൊട്ട് തൃശ്ശൂരിലെ പൂരപ്രേമികള്‍ക്ക് തീര്‍ത്തും അനഭിമതനായിരുന്നു ഈ പോലീസ് മേധാവി. അതീവ ധാര്‍ഷ്ട്യത്തോടെ ഇടപെടുന്നതിനാല്‍ തൃശ്ശൂരിലെ പല പത്രപ്രവര്‍ത്തകരും ഇദ്ദേഹവുമായി കടുത്ത നീരസത്തിലായിരുന്നു. പരസ്പര ബഹുമാനം ഒട്ടുമില്ലാത്ത പെരുമാറ്റത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറെ അസുഖകരമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടിദ്ദേഹമെന്ന് തൃശ്ശൂരിലെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്.

ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത വിധമായിരുന്നു പൊലീസ് മേധാവിയുടെ പെരുമാറ്റം. പൂരക്കമ്മിറ്റിക്കാര്‍ക്കു മുതല്‍ പൂരപ്രേമികള്‍ക്കും അതിഥികള്‍ക്കും വരെ ഇദ്ദേഹത്തിന്റെ മോശം പെരുമാറ്റം ഏററുവാങ്ങേണ്ടി വന്നു. ഇലഞ്ഞിത്തറ മേളത്തിനായി നിര്‍ത്തിയിട്ടുള്ള ആനകള്‍ക്കുള്ള പട്ട കൊണ്ടു പോകാന്‍ പോലും സമ്മതിക്കാതെ, എടുത്തോണ്ടു പോടാ പട്ട എന്ന ചീത്തവിളിയാണ് ജീവനക്കാര്‍ക്ക് നേരെ പൊലീസ് മേധാവി നടത്തിയത്. കുടയുമായി വന്നവരെയും വിളക്കുമാടത്തില്‍ എണ്ണ പകരാന്‍ വന്നവരെയും തടയുന്ന സ്ഥിതിയും ഉണ്ടായി.
കഴിഞ്ഞ വര്‍ഷവും പൂരനടത്തിപ്പില്‍ മോശമായ ചില ഇടപെടലുകള്‍ അങ്കിത് അശോക് നടത്തിയെന്നത് പൊലീസ് തലപ്പത്തേക്കു തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നിട്ടും ഇത്തവണയും പൂരത്തിന്റെ ചുമതല അദ്ദേഹത്തിന് തന്നെ നല്‍കിയതിനു പിന്നിലെ കാരണം ദുരൂഹമായി അവശേഷിക്കുന്നു.

ഇത്തവണ പൂരം റിപ്പോര്‍ട്ടു ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും അങ്ങോട്ടു പ്രവേശിക്കാന്‍ സാധിച്ചില്ല എന്നു പറയുന്നുണ്ട്. പൂര സ്ഥലത്തേക്ക് പോകന്ന ആസ്വാദകര്‍ എല്ലാവരും സ്വയം നിയന്ത്രണത്തോടെ മാത്രമേ പെരുമാറുക പതിവുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വിധത്തിലുള്ള നിയന്ത്രണവും ചരിത്രത്തില്‍ ഇന്നേ വരെ ഏര്‍പ്പെടുത്തിയിട്ടില്ല. അതിന്റെ ആവശ്യവും ഇല്ല. പൂരം എന്നാല്‍ അതാണ്. ആദ്യമായി അവരെ പാസ്സ് ഏര്‍പ്പെടുത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഈ വര്‍ഷമായിരുന്നു. പത്ര റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും അനായാസമായി വാര്‍ത്തയും ചിത്രവും ശേഖരിക്കാനുളള സാഹചര്യം ഇത്തവണ ലഭിച്ചില്ല. മോശമായ ഇടപെടലും തടയലുകളും ഉണ്ടായപ്പോള്‍ പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുക പോലുമുണ്ടായി.

ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെയും, വെടിരുന്നു പ്രയോഗം സംബന്ധിച്ച് എക്‌സപ്ലോസീവ് നിയന്ത്രണ വകുപ്പിന്റെയും മറ്റും തടസ്സവാദങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും എല്ലാ വര്‍ഷവും ചില അങ്കലാപ്പുണ്ടാക്കാറുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാറുള്ളതിനാല്‍ പൂരം സുഗമമായി നടക്കാറുണ്ട്.

എന്നാല്‍ ഇത്തവണയുണ്ടായ വിഷയങ്ങള്‍ ജില്ലാ പൊലീസ് അനാവശ്യമായി സൃഷ്ടിച്ചതാണെന്ന് പൂരക്കമ്മിറ്റിക്കാര്‍ ഒറ്റക്കട്ടായി പറയുന്നു. പൂരത്തില്‍ ഒരിക്കലും പതിവില്ലാതെ, പൂരം പ്രദര്‍ശനം പൂരദിവസങ്ങളില്‍ അടപ്പിച്ചു. പൂരദിവസം രാത്രിയിലെ മഠത്തില്‍ വരവിനു മുന്നോടിയായി തേക്കിന്‍കാട് മൈതാനത്തിനു ചുറ്റുമുള്ള(സ്വരാജ് റൗണ്ട്) റോഡുകള്‍ പൊലീസ് ബലമായി അടച്ച് കാണികളെ അങ്ങോട്ട് പ്രവേശിപ്പിക്കാതെയിരുന്നു. സാധാരണ വെടിക്കെട്ടിനു മുന്നോടിയായി അര്‍ധരാത്രി കഴിഞ്ഞു മാത്രമയിരുന്ന ഗതാഗതം തടയാറ്. അതുവരെയുള്ള മേളവും മറ്റും ആസ്വദിക്കാന്‍ എല്ലാവരെയും അനുവദിക്കാറുണ്ട്. രാത്രിമേളം ആസ്വദിക്കാന്‍ എത്തുന്ന ആയിരങ്ങള്‍ക്ക് ഇത്തവണ അതിനു സാധിച്ചില്ല. രാത്രി പത്തു മണിക്കു തന്നെ റോഡ് അടയ്ക്കരുതെന്ന് ധാരണയുണ്ടായിട്ടും പൊലീസ് അത് ചെവിക്കൊണ്ടില്ല. ഇതില്‍ പ്രകോപിതരായാണ് തിരുവമ്പാടി ദേവസ്വം മഠത്തില്‍ വരവ് എഴുന്നള്ളിപ്പ് വേണ്ടെന്നു വെച്ചതും പിന്നീട് വലിയ വിവാദങ്ങള്‍ക്കിട നല്‍കിയ വെടിക്കെട്ട് വൈകിയതും.

തൃശ്ശൂരിലെ ജനപ്രതിനിധികള്‍, ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജന്‍ തുടങ്ങിയവരെല്ലാം ഉണ്ടായിട്ടും പൊലീസ് ഉന്നതരുടെ മോശമായ പെരുമാറ്റം നിയന്ത്രിക്കാനോ, ആവശ്യമായ ഇടപെടല്‍ പൊലീസ് തലപ്പത്തു നിന്നും നടത്താനോ സാധിച്ചില്ല എന്ന ജാഗ്രതക്കുറവ് ഒരു വിമര്‍ശനമായി നിലനില്‍ക്കുന്നു. കഴിഞ്ഞ തവണ ആരോപണവിധേയനായ പൊലീസ് മേധാവിക്കു തന്നെ ഇത്തവണയും പൂരത്തിന്റെ നിയന്ത്രണച്ചുമതല നല്‍കിയതും വീഴ്ചയ്ക്ക് കാരണമായി. പൂരം നിയന്ത്രിച്ച് പരിചയമുളള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കാതിരുന്നതും വിചിത്രമായ തീരുമാനമായി.

അര്‍ധരാത്രിക്കു ശേഷം പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടും ഉടനടി എല്ലാം പരിഹരിച്ച് പുലരും മുമ്പേ വെടിക്കെട്ട് നടത്താന്‍ കഴിഞ്ഞില്ല എന്നതും വിമര്‍ശനത്തിന് ഇടയാക്കുന്നു. നേരം പുലര്‍ന്ന ശേഷമായിരുന്നു ഇത്തവണ വെടിക്കെട്ടുകള്‍ നടത്തിയത്. ഇത് ആ സുപ്രധാന കാഴ്ചാ-കേള്‍വി വിശേഷത്തിന്റെ ശോഭ പൂര്‍ണമായും കെടുത്തിക്കളഞ്ഞു എന്നത് വലിയ നിരാശ പൂരപ്രേമികളില്‍ ഉണ്ടാക്കി.
പൊലീസ് എന്തിനാണ് ഇത്രയധികം കാര്‍ക്കശ്യവും മോശമായ പെരുമാറ്റവും കൊണ്ട് പൂരത്തിന്റെ പല ചടങ്ങുകളും ആഘോഷത്തിന്റെ നിറവും കെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്. എന്തെങ്കിലും ഗൂഢാലോചന ഇക്കാര്യത്തിലുണ്ടോ എന്ന സംശയം ഉയരുന്നതിന് കാരണവും ഇതാണ്. ഉയര്‍ന്ന സഹപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടു പോലും പൊലീസ് കമ്മീഷണര്‍ അതൊന്നും ഗൗനിക്കാതിരുന്നത് അദ്ദേഹത്തിന് ആരില്‍ നിന്നെങ്കിലും എന്തെങ്കിലും രഹസ്യ നിര്‍ദ്ദേശം കിട്ടിയതിനാലാണോ എന്നും ചോദ്യമുയരുന്നു.

തിരഞ്ഞെടുപ്പു കാലത്ത് ഇത്രയും വിവാദമാകാനിടയുള്ള, വിശ്വാസത്തെയും വൈകാരികതയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ കമ്മീഷണര്‍ സ്വീകരിച്ചതും പൂരം തടസ്സപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചതും എന്തുകൊണ്ട്. ഉന്നതരില്‍ നിന്ന് ഇക്കാര്യത്തില്‍ കമ്മീഷണര്‍ക്ക് പിന്തുണ കിട്ടുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാവാന്‍ കാരണമെന്തായിരിക്കും. വെറും യാദൃച്ഛികമായ വെറുപ്പിക്കലിനപ്പുറത്തേക്ക് പിടിവിട്ടുപോയ പെരുമാറ്റങ്ങളാണ് കമ്മീഷണറുടെ ഭാഗത്തു നിന്നുണ്ടായത്.

പ്രശ്‌നങ്ങള്‍ ആരംഭിച്ച സമയത്തു തന്നെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പലരും മന്ത്രിയുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടും പെട്ടെന്നു തന്നെ ഇടപെട്ട് പരിഹരിക്കാതെ കൂടുതല്‍ വഷളാവാന്‍ അനുവദിച്ചത് എന്തുകൊണ്ടെന്ന ചോദ്യവും തൃശ്ശൂരിലെ പൊതുപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick