Categories
kerala

തീയില്ലാതെ പുക കണ്ടെത്തിയെന്ന് വരുത്തി തീർക്കാൻ പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നു ; ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
തീയില്ലാതെ പുക കണ്ടെത്തിയെന്ന് വരുത്തി തീർക്കാനാണ് പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ചേർന്ന് സർക്കാരിനെതിരേ നടത്തുന്ന നീക്കമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. രഹസ്യമൊഴിയിലെ വിവരങ്ങൾ പ്രമേയ അവതാരകർക്ക് എങ്ങനെ കിട്ടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘സ്വർണക്കടത്ത് കേസിൽ എന്തോ പുതിയ കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് ഏജൻസികൾ രണ്ടു വർഷം അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത കേസാണിത്. ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കിൽ പ്രമേയാവതാരകന്റെ പാർട്ടിക്കാർ ഇവിടെ ആരെയെങ്കിലും ബാക്കിവെക്കുമായിരുന്നോ. തീയില്ലാത്തിടത്ത് പുക കണ്ടെത്തിയെന്ന് വരുത്തിത്തീർക്കാനാണ് ഇവർ ശ്രമിക്കുന്നത്. അതിനപ്പുറം അടിയന്തിര പ്രമേയ നോട്ടീസിന് ഒരു പ്രസക്തിയുമില്ല’-മുഖ്യമന്ത്രി പറഞ്ഞു.

thepoliticaleditor

ബിജെപിയും പ്രതിപക്ഷവും തമ്മിൽ കൂട്ടുകച്ചവടമാണ്. സംഘപരിവാറിന് ഇഷ്ടപെടാത്തതൊന്നും പ്രതിപക്ഷം ചോദിക്കില്ല. ബിജെപിക്ക് സ്വീകാര്യരാകാൻ പ്രതിപക്ഷം ശ്രമിക്കുന്നു. സ്വപ്നയ്ക്ക് ജോലികിട്ടിയതും ആ സ്ഥാപനത്തെ കുറിച്ചും പ്രതിപക്ഷം ഒന്നും ചോദിക്കില്ല. എൻഫോഴ്സ്മെന്റിന് (ഇഡി) ഒരു വിശ്വാസ്യതയും ഇല്ലെന്ന് പറയുന്ന കോൺഗ്രസിന് ഇവിടെ നിലപാട് മറിച്ചാണ്- മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തു കേസിലെ പ്രതിക്ക് എല്ലാ സഹായവും നൽകുന്നത് ആർഎസ്എസ് ബന്ധമുള്ളവരാണ്. ജോലിയും കൂലിയും വക്കീലും സുരക്ഷയും അവരുടെ വക. അത്തരമൊരു വ്യക്തിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണ്. ജയിലില്‍ കിടന്നപ്പോൾ ഇവർ മറ്റൊന്നാണ് പറഞ്ഞത്. ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ. സസ്പെൻസ് നിലനിർത്തി നടത്തുന്ന വെളിപ്പെടുത്തൽ അതിന്റെ ഭാഗമാണ്. അതിന്റെ സത്യം തേടുന്നതിൽ എന്തിനാണ് വേവലാതി? മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ

ഒരു തെളിവിന്റെയും പിൻബലമില്ലാതെയാണ് ഈ വനിത ആരോപണവുമായി വന്നിരിക്കുന്നത്. രഹസ്യമൊഴിയിൽ എന്തുണ്ട് എന്നാണ് പ്രതിപക്ഷ അംഗങ്ങൾക്ക് വിവരമുള്ളത്. എങ്ങനെയാണ് ആ വിവരങ്ങൾ നിങ്ങൾ സമ്പാദിച്ചത്. കേസിൽ പ്രതിയായ വനിതയ്ക്ക് എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. അതൊരു വ്യക്തിയല്ല. സംഘടനയാണ്. ആ സംഘടനയ്ക്ക് വ്യക്തമായ സംഘപരിവാർ ബന്ധമുണ്ട്. ജോലിയും സുരക്ഷയും വക്കീലും എല്ലാം അവരുടെവകയാണ്. ചെല്ലുംചെലവും കൊടുത്ത് വളർത്തുന്നതുപോലെ ഒരു ഏർപ്പാടാണിത്.

അന്വേഷണം നടക്കേണ്ട എന്ന താൽപര്യം ഒരു ഘട്ടടത്തിലും സംസ്ഥാന സർക്കാരിനില്ല. നിയമത്തിന്റെ വഴിയിലൂടെയാണ് സർക്കാർ ഇക്കാര്യത്തിൽ സഞ്ചരിച്ചിട്ടുള്ളത്. സുതാര്യമായ ഒരന്വേഷണമാണ് സ്വപ്നയുടെ ആരോപണങ്ങൾ സംബന്ധിച്ച് നടക്കുന്നത്. വസ്തുതകൾ ന്യായയുക്തമായി പുറത്തുവരണം എന്നാണ് സർക്കാരിനും ജനങ്ങൾക്കും ആഗ്രഹമുള്ളത്. എന്നാൽ ഇതിൽനിന്ന് മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇവരുടെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാർ.

സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇടനിലക്കാരൻ എന്നു പറയുന്ന ആളുമായി ഫോണിൽ സംസാരിച്ചു എന്ന ആരോപണവും ഇവിടെ ഉയർന്നു. ഇതിന്റെ കുറ്റം സർക്കാരിനു മേൽ കെട്ടിവെക്കാനാണ് ശ്രമം നടന്നത്. ഒരു ഘട്ടത്തിലും ഇടനിലക്കാരെ നിയോഗിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വഴിവിട്ട നടപടിയോ വീഴ്ചയോ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കാൻ മടിയുമില്ല.

സംഘപരിവാർ സ്ഥാപനത്തിന്റെ, ഉദ്യോഗസ്ഥരുടെ വക്കീലിന്റെ ചരടുവലിക്കൊത്ത് നീങ്ങുന്നവരുടെ ശബ്ദം പ്രതിപക്ഷം ആവുന്നത്ര ഉച്ചത്തിൽ ഉയർത്താൻ ശ്രമിക്കുന്നു. സ്വർണംകൊടുത്തയച്ചതാര്, സ്വർണം കിട്ടിയത് ആർക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും കോൺഗ്രസിൽനിന്നോ ബിജെപിയിൽനിന്നോ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഇതിനൊക്കെ ഉത്തരം പറയേണ്ടത് ബിജെപിയും അന്വേഷണ ഏജൻസികളുമാണ്. അവർ ഉത്തരം പറയേണ്ട ചോദ്യങ്ങളൊന്നും പ്രതിപക്ഷത്തുനിന്ന് ഉണ്ടാകുന്നില്ല. അത്തരം ചോദ്യങ്ങൾ ചോദിച്ചാൽ അതിലൂടെ വിഷമത്തിലാകുന്നത് ബിജെപിയാണ്. ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ഇവിടെ വെളിവാകുന്നത്. ആ വനിതയെ സംരക്ഷിക്കുംവിധം ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയും ഈ നോട്ടീസിന്റെ ഉള്ളടക്കവും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള മാസങ്ങളിൽ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് വിമാനത്താവളം വഴി സ്വർണം കടത്തുന്നെങ്കിൽ അത് കേന്ദ്ര ഏജൻസികളുടെ വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട ആളുകളെ അന്വേഷണ പരിധിയിൽ കൊണ്ടുവരാത്തത് ആരുടെ കുറ്റമാണ്. കേന്ദ്ര സർക്കാരിനുവേണ്ടി രക്ഷാകവചം തീർക്കുന്ന ജോലി എന്തിനാണ് കോൺഗ്രസ് കേരളത്തിൽ ചെയ്യുന്നത്.

രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുമ്പോൾ അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന രീതി ഞങ്ങൾ ചെയ്യുന്നില്ല. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ വൈരനിര്യാതനത്തിന് ദുരുപയോഗിക്കപ്പെടുന്നു എന്ന നിലപാട് തന്നെയാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

ഇടനിലക്കാരെ ഏർപ്പെടുത്തിയെന്ന ആരോപണം നട്ടാൽ കുരുക്കാത്ത നുണയാണ്. എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതി എന്ത് പറയണം, ഏത് പറയണം എന്ന് ഇടനിലക്കാർ വഴി തീരുമാനിക്കുന്നത് ബിജെപിയും അതിന്റെ കൂടെ പ്രതിപക്ഷവും ചേരുന്നു എന്നല്ലേ സംശയിക്കേണ്ടത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം തകരാൻ അധികസമയം വേണ്ടിവരില്ല.

Spread the love
English Summary: Pinarayi Vijayan replies in Assembly

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick