അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന അവസരത്തിലും പദ്ധതിയുമായി മുന്നോട്ട് പോകാനുറച്ച് സേനകൾ. അഗ്നിപഥ് പദ്ധതിയിൽ രണ്ട് ദിവസത്തിനുള്ളിൽ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കരസേന മേധാവി വ്യക്തമാക്കി.
ഈ വർഷം ഡിസംബറോടെ പരിശീലനം തുടങ്ങുമെന്നും ജനറൽ പാണ്ഡെ അറിയിച്ചു. 2023 പകുതിയോടെ ഇവർ സേനയിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം
‘റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉടൻ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കും. അതിനുശേഷം റജിസ്ട്രേഷന്റെയും റിക്രൂട്ട്‌മെന്റ് റാലിയുടെയും വിശദമായ ഷെഡ്യൂൾ ആർമി റിക്രൂട്ട്‌മെന്റ് ഓർഗനൈസേഷനുകൾ പ്രഖ്യാപിക്കും. പരിശീലനം ഡിസംബറിൽ തുടങ്ങും. സജീവ സേവനം 2023 മധ്യത്തോടെ ആരംഭിക്കും’– അദ്ദേഹം പറഞ്ഞു.
പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധം കാര്യങ്ങൾ അറിയാതെയാണെന്നും യാഥാർഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ ഇന്ത്യൻ വ്യോമസേനയിലേക്കുള്ള (ഐഎഎഫ്) ആദ്യ റിക്രൂട്ട്‌മെന്റ് ജൂൺ 24ന് ആരംഭിക്കുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി അറിയിച്ചു. സായുധ സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ കഴിയുന്നതിനാൽ രാജ്യത്തെ യുവാക്കൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പ്രവേശന പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് സൈനികരെ അഭിസംബോധന ചെയ്യുന്നതിനായി ആറ് ഫോർവേഡ് ബേസുകൾ അദ്ദേഹം സന്ദർശിക്കും.