മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിക്കുന്നതിനിടെ ശിവസേന വക്താവ് സഞ്ജയ് റാവുത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. നാളെ ചോദ്യം ചെയ്യലിനു ഇഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം.
ഭവന പുനർനിർമാണ തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസിലാണ് ഇഡിയുടെ നടപടി.
ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ വിമതനീക്കം നടന്നുകൊണ്ടിരിക്കെയാണ് സഞ്ജയ് റാവുത്തിനെതിരെ ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യക്കേസിൽ സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്ത്, സഹായിയായ സുജിത് പട്കറുടെ ഭാര്യ സ്വപ്ന പട്കർ, സഞ്ജയ് റാവുത്തിന്റെ അടുത്ത സുഹൃത്തായ പ്രവീൺ റാവുത്ത് എന്നിവരുടെ 11.15 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏപ്രിലിൽ കണ്ടുകെട്ടിയിരുന്നു.
മുഖ്യപ്രതിയായ പ്രവീൺ റാവുത്ത്, കെട്ടിട നിർമാണ പദ്ധതിയിലൂടെ 1039 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അതിൽ 83 ലക്ഷം രൂപയാണ് സഞ്ജയ് റാവുത്തിന്റെ ഭാര്യയുടെ പക്കലെത്തിയതെന്നാണ് ആരോപണം.
മുംബൈയിലെ ഗോരേഗാവിൽ പഴയകാല ‘പത്ര’ ചാൾ മേഖലയിലെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പ്രവീൺ റാവുത്തിനെതിരെയുള്ള കള്ളപ്പണക്കേസിലെ അന്വേഷണമാണ് സഞ്ജയ് റാവുത്തിന്റെ കുടുംബത്തിലേക്കും നീണ്ടത്. ഭവനപദ്ധതിയിലെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഫെബ്രുവരി 4ന് അറസ്റ്റിലായ പ്രവീൺ റാവുത്തിന്റെ പാൽഘർ, താനെ ജില്ലകളിലുള്ള ഭൂമിയാണു കണ്ടുകെട്ടിയത്.
കെട്ടിട പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആകെ 1039.79 കോടി രൂപയുടെ ക്രമക്കേടാണ് പ്രവീൺ റാവുത്തിന്റെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നതെന്നാണ് ഇഡിയുടെ ആരോപണം.
ഹൗസിങ് ഡെവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എച്ച്ഡിഐഎൽ) എന്ന കമ്പനിയിൽ നിന്ന് 100 കോടി രൂപ പ്രവീൺ റാവുത്തിന്റെ പക്കൽ എത്തിയതായും അത് സ്വന്തം ബിസിനസ് സ്ഥാപനങ്ങളിലേക്കും, സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പക്കലും എത്തിയതായും ഇഡി നേരത്തേ കണ്ടെത്തിയിരുന്നു.
പ്രവീൺ റാവുത്തിന്റെ ഭാര്യ മാധുരിയുടെ അക്കൗണ്ടിൽ നിന്നാണ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷയ്ക്ക് 83 ലക്ഷം രൂപ കൈമാറിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അതുപയോഗിച്ചാണ് വർഷ ദാദറിൽ ഫ്ലാറ്റ് വാങ്ങിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അതേ സമയം, മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെ വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എംപി രംഗത്ത് വന്നു.
‘മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ മുന്നേറ്റങ്ങളാണ് അരങ്ങേറുന്നത്. ബാൽ താക്കറെയുടെ ശിവസൈനികരായ ഞങ്ങൾ വലിയ പോരാട്ടത്തിലാണ്. അതിൽനിന്ന് എന്നെ പിന്തിരിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്. എന്റെ തല വെട്ടിയാലും ഗുവാഹത്തിയിലേക്കു പോകില്ല. എന്നെ അറസ്റ്റു ചെയ്തോളൂ.’– ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ സഞ്ജയ് റാവുത്ത് പറഞ്ഞു.
അതിനിടെ, സഞ്ജയ് റാവുത്തിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതികരണവുമായി വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയും രംഗത്തെത്തി.
‘ഇഡി ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് അയച്ച സഞ്ജയ് റാവുത്തിന് എന്റെ എല്ലാ ആശംസകളും’ എന്നാണ് ശ്രീകാന്ത് പറഞ്ഞത്.അയോഗ്യരാക്കുന്നത് സംബന്ധിച്ച് കോടതിയിൽ നടക്കുന്ന പോരാട്ടത്തിൽ വിമതപക്ഷം വിജയിക്കും. മഹാരാഷ്ട്രയിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അവർ അർഹിക്കുന്ന മറുപടി നൽകുമെന്നും ശ്രീകാന്ത് പറഞ്ഞു.