അനന്തപുരിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി സി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനന്തപുരി കേസിലെ ജാമ്യ വ്യവസ്ഥ ലംഘനത്തിനാധാരാമായ വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പി.സി ജോര്‍ജിനെതിരായ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ചിലരോട് വേദം ഓതിയിട്ട് കാര്യമില്ല. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു, നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു. അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ക്കും എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം. ഭരിക്കുന്നത് എല്‍.ഡി.എഫാണ്.പി.സി. ജോര്‍ജിന്റേത് നീചമായ വാക്കുകളാണ്. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി. ജോര്‍ജ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
അതേ സമയം, പി.സി ജോർജിനെ എതിർത്തത് പിഡിപിയും പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയതോടെ പാലാരിവട്ടം സ്റ്റേഷന് സമീപം സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. വൻ സുരക്ഷയാണ് ഇവിടെ പോലീസ് ഒരുക്കിയിരിക്കുന്നത്.













