കാശ്മീരിലെ ബുദ്ഗാം ജില്ലയിൽ കാശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിൽ രാഹുൽ ഭട്ടിനെ കൊല്ലാൻ ഓഫീസിലുള്ളവർ തീവ്രവാദികളുമായി ഗൂഢാലോചന നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് ഭാര്യ മീനാക്ഷി ഭട്ട്. ചദൂരയിലെ സർക്കാർ ജീവനക്കാരനായ തന്റെ ഭർത്താവിന് ബഡ്ഗാം ഓഫീസിൽ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നതായും ജില്ലാ ആസ്ഥാനത്തേക്ക് മാറാൻ ആഗ്രഹിച്ചിരുന്നതായും മീനാക്ഷി ഭട്ട് പറഞ്ഞു. എന്നാൽ അപേക്ഷ നിരസിക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് 5 മിനിറ്റ് മുമ്പും ഭർത്താവ് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് കേൾക്കുന്നത് മരണ വാർത്തയാണ്- അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കാശ്മീരി പണ്ഡിറ്റുകളെ ബലിയാടുകളാക്കുകയാണെന്നും അവർ ആരോപിച്ചു. കാശ്മീരി പണ്ഡിറ്റുകളെ തങ്ങളുടെ രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണ്. സുരക്ഷാ വലയമില്ലാതെ കശ്മീരിൽ വന്ന് കറങ്ങാൻ മോദിക്കും അമിത്ഷായ്ക്കും ധൈര്യം ഉണ്ടോയെന്നും അവർ ചോദിച്ചു.
കശ്മീരി പണ്ഡിറ്റുകൾ പീഡിപ്പിക്കപ്പെടുമ്പോൾ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കശ്മീരി പണ്ഡിറ്റുകളോട് തീർത്തും നിസ്സംഗത പുലർത്തുകയാണെന്നും മീനാക്ഷി ഭട്ട് പറഞ്ഞു.
ഭീകരർ ഓഫീസിൽ കയറി രാഹുൽ ഭട്ട് ആരാണെന്ന് ചോദിച്ചാണ് വെടിവെച്ചതെന്ന് രാഹുലിന്റെ പിതാവ് ബിട്ട ഭട്ട് പറഞ്ഞു. 100 മീറ്റർ അകലെ പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്യാനായില്ലെ.
ജോലിസ്ഥലത്ത് വെച്ച് ഒരാളെ വെടിവെച്ച് കൊന്നുവെങ്കിൽ കശ്മീർ താഴ്വരയിൽ ആരും സുരക്ഷിതരല്ല എന്നാണ് അർത്ഥം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ച വ്യക്തിയാണ് ബിട്ടാ ഭട്ട്.
കഴിഞ്ഞ ദിവസമാണ് സെൻട്രൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടിനെ ചദൂരയിലുള്ള തഹസിൽദാർ ഓഫീസിലെത്തി ഭീകരർ വെടിവെച്ചു കൊന്നത്. അദ്ദേഹത്തിന് നേരെ മൂന്ന് തവണ വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
അതേ സമയം, കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങളും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് നടന്ന റാലിക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധ റാലി ബുദ്ഗാം എയർപോർട്ടിലേക്ക് നീങ്ങിയപ്പോഴാണ് സംഘർഷം ഉണ്ടായത്.













