റഷ്യന്‍ സൈന്യം ആക്രമിച്ച ഉക്രേനിയന്‍ ആണവനിലയത്തില്‍ നിന്ന് വികിരണം ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആറ്റോമിക് നിരീക്ഷക സംഘം. ആറ് ആണവ റിയാക്ടറുകളെയും ഷെല്ലാക്രമണം ബാധിച്ചിട്ടില്ല.
ആണവ നിലയത്തിന്റെ കെട്ടിടത്തിന് തീപിടിച്ചത് മുതല്‍ ഉക്രേനിയന്‍ ന്യൂക്ലിയര്‍ റെഗുലേറ്ററുമായും സപോറീസിയ ആണവ നിലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ സെപോറീസിയ നിലയത്തില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ നടത്തിയ ആക്രമണത്തില്‍ തീപിടുത്തമുണ്ടായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ഗ്രോസി പറഞ്ഞു.
ആണവ നിലയം തകര്‍ന്നെങ്കില്‍ അത് ചെര്‍ണോബില്‍ ദുരന്തത്തെക്കാള്‍ പതിന്‍മടങ്ങ് ശക്തിയുള്ളതായിരിക്കുമെന്ന് ഉക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കി അടക്കം പ്രതികരിച്ചിരുന്നു.
അതേ സമയം,. യുദ്ധം ആരംഭിച്ചത് മുതല്‍ ഉക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങള്‍ ഉണ്ടായെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ തന്നെ ഫെഡറൽ സെക്യൂരിറ്റി സർവീസിലെ (എഫ്എസ്ബി) യുദ്ധവിരുദ്ധ ഘടകങ്ങളാൽ ഇവ തടഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.


















