യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ ഉക്രെയിനിലെ സെപോറീസിയ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം. ആക്രമണത്തെ തുടർന്ന് ആണവ നിലയത്തിൽ നിന്ന് തീ ഉയർന്നതായി അധികൃതര്‍ അറിയിച്ചു.
റഷ്യന്‍ സൈന്യം സെപോറീസിയ ആണവ നിലയത്തിന്റെ എല്ലാ ഭാഗത്ത് നിന്നും
വെടിയുതിര്‍ക്കുകയാണ്. ആണവ നിലയം പൊട്ടിത്തെറിച്ചാൽ ചെർണോബിൽ ആണവ ദുരന്തത്തെക്കാൾ 10 മടങ്ങ് ശക്തിയുള്ളതാകും അത്. റഷ്യൻ സൈന്യം ഉടൻ തീ അണയ്ക്കണം – യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.
‘നാനൂറു ഹിരോഷിമകൾക്ക് തുല്യം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1986 ലെ ചെർണോബിൽ ദുരന്തം ഓർമിപ്പിച്ചു കൊണ്ടാണ് വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്.
ഉക്രെയിനിന്റെ തെക്ക് ഭാഗത്തുള്ള ഊർജ്ജ ഹബ് ആയ എനർഹോദറിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 15 ആണവ റിയാക്ടറുകൾക്ക് കേടുപാട് സംഭവച്ചിരുന്നു. രാജ്യത്തിന്റെ നാലിലൊന്ന് ഊർജ്ജോൽപാദനവും ഇവിടെ നിന്നാണ്.
അതേ സമയം റഷ്യ ഉക്രെയിൻ രണ്ടാം ഘട്ട സമാധാന ചർച്ചയിൽ സിവിലിയന്മാരെ ഒഴിപ്പിക്കാൻ ‘മാനുഷിക ഇടനാഴികൾ’ സൃഷ്ടിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഉക്രെയിൻ അറിയിച്ചു.
സിവിലിയൻമാരെ ഒഴിപ്പിക്കുന്ന മാനുഷിക ഇടനാഴികളിൽ മാത്രം താൽക്കാലിക വെടിനിർത്തൽ ഇരുരാജ്യവും അംഗീകരിച്ചതായി ഉക്രേനിയൻ പ്രസിഡൻഷ്യൽ അഡൈ്വസർ മൈഖൈലോ പോഡോലിയാക് പറഞ്ഞു.
രൂക്ഷമായ പോരാട്ടം നടക്കുന്ന സ്ഥലങ്ങളിൽ മരുന്നും ഭക്ഷണവും എത്തിക്കുന്ന കാര്യത്തിലും ഇരു രാജ്യങ്ങളും ധാരണയിലെത്തി.
റഷ്യ ഉക്രെയ്‌ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇരുപക്ഷവും ധാരണയിലെത്തുന്നത്.













