• Home
  • kerala
  • ആർ. ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി…

ആർ. ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി…

കേരള പൊലീസിൽ ലിംഗ വിവേചനവും വനിതാ പോലീസുകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും സംബന്ധിച്ച മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ ചാനൽ അഭിമുഖത്തിലെ പരാമർശം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

ശ്രീലേഖ സർവീസിൽ ഇരിക്കുമ്പോൾ ഒരു പരാതിയും പറഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.ഏത് ഘട്ടത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും തെറ്റായ സമീപനം സർക്കാറിൽ നിന്ന് ഉണ്ടായതെന്നും ശ്രീലേഖ പറഞ്ഞിട്ടില്ല.

ചോദ്യോത്തരവേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പൊലീസ് സേനക്കെതിരെ ആർ. ശ്രീലേഖയുടെ ചാനൽ അഭിമുഖത്തിലെ പരാമർശങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ. ശ്രീലേഖ പോലീസ് സേനയിലെ വനിതകൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ പറ്റി വെളിപ്പെടുത്തിയത്. പോലീസ് സേനയിൽ കടുത്ത ലിംഗവിവേചനം ഉണ്ടെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കു മേലധികാരികളിൽനിന്നു ലൈംഗികചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നു.പുരുഷമേധാവിത്വം നിലനിൽക്കുന്ന പൊലീസ് സംവിധാനത്തിൽ നിന്നുള്ള മാനസികപീഡനം സഹിക്കാനാവാതെ ഒരുവേള ഐപിഎസിൽനിന്നു രാജിവയ്ക്കാൻ ഒരുങ്ങിയെന്നു ശ്രീലേഖ പറഞ്ഞു.

സേനയിലെ വനിതാ ഓഫിസർ‍മാർ പലവിധ സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്. ഒരു ഡിഐജി പൊലീസ് ക്ലബ്ബിൽ വന്നാൽ ഒരു വനിത എസ്ഐയെ അങ്ങോട്ടു വിളിക്കും. അവർ പേടിച്ച് എന്റെയടുത്തു വന്നു. ‘അവർ ഇന്നു വരുന്നില്ല’ എന്നു ഡിഐജിയെ വിളിച്ചു പറഞ്ഞു. ഡിഐജിക്കു കാര്യം മനസ്സിലായി. ഈ ഉദ്യോഗസ്ഥയെ മുൻപും അദ്ദേഹം ദുരുപയോഗം ചെയ്തിട്ടുണ്ട്.

സ്ത്രീയായതു കൊണ്ടുമാത്രം എനിക്കും സർവീസിലെ ആദ്യ 10 വർഷം ദുസ്സഹമായിരുന്നു. മദ്യപിച്ച ശേഷം പൊലീസ് ഓഫിസർമാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് അസഭ്യം പറയുമായിരുന്നു.

രാഷ്ട്രീയ പിൻബലമുള്ള പൊലീസ് ഓഫിസർമാർക്കു ഡിജിപി ഉൾപ്പെടെ ഏതു മേലധികാരിയെയും തെറി വിളിക്കാം. ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി അഴിമതിക്കാരനായ ഒരു ഓഫിസറുടെ അനുസരണയെക്കുറിച്ചു പറയുന്നതു കേട്ടു ഞെട്ടി. ‘ഇയാൾ‍ അഴിമതിക്കാരനാണ് എന്ന് എനിക്കറിയാം. എന്നാലും നല്ല അനുസരണയുള്ള ആളാണ്. പറയുന്നതെന്തും ചെയ്തുകൊള്ളും. അഴിമതി ഞാനങ്ങു കണ്ണടയ്ക്കും’ എന്നാണു മുഖ്യമന്ത്രി പറഞ്ഞത് – ശ്രീലേഖ വെളിപ്പെടുത്തി.

എന്നാൽ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് ശേഷം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. സേനയിലെ വനിതകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന പ്രസ്താവനയാണ് മുൻ ഡിജിപി നടത്തിയതെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബത്തിൽപ്പോലും പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിലാണ് മുൻ ഡിജിപി പ്രസ്താവന നടത്തിയത്. ആരോപണവിധേയനായ മുൻ ഡിഐജിയുടെ പേര് ആർ ശ്രീലേഖ എന്ത് കൊണ്ടു പറഞ്ഞില്ലായെന്നും വിവരം കൃത്യമായി അറിയാമായിരുന്നെങ്കിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ എന്ത്കൊണ്ട് നിയമനടപടി ആവശ്യപ്പെട്ടില്ലായെന്നും പോസ്റ്റിൽ ചോദിക്കുന്നു.മുൻ ഡിഐജിയെന്ന് മാത്രം പറഞ്ഞതിനാൽ വിരമിച്ച പല ഉദ്യോഗസ്ഥരും സംശയത്തിന്‍റെ നിഴലിലാവുകയാണ്. സർവ്വീസിലിരിക്കെ ഒന്നും ചെയ്യാതെ വിരമിച്ച ശേഷം അതിരു കടന്ന വാക്കു പറ‌ഞ്ഞ് നടക്കരുതെന്നും സംഘടനാ ജനറൽ സെക്രട്ടറി ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *