Categories
kerala

കാമ്പസ്‌ കൊലപാതകത്തില്‍ ഞെട്ടി കേരളം; അഭിമന്യുവിന്‌ ശേഷം തളിപ്പറമ്പ്‌ സ്വദേശി ധീരജ്‌… പ്രതി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ നിഖില്‍ പൈലി പിടിയിൽ…നാളെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പഠിപ്പ് മുടക്ക്

സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ആറ് ആയി

Spread the love

കാമ്പസ്‌ കൊലപാതകത്തിന്‌ അറുതിയില്ലെന്ന്‌ തെളിയിച്ച്‌ ഇന്ന്‌ ഇടുക്കി പൈനാവ് ഗവ.എഞ്ചിനിയറിങ്‌ കോളേജ്‌ വിദ്യാര്‍ഥിയും കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശിയുമായ ധീരജ്‌ കുത്തേറ്റ്‌ പിടഞ്ഞു വീണ്‌ മരിച്ചപ്പോള്‍ വീണ്ടും കേരളം ഞെട്ടിത്തരിക്കുകയാണ്‌. ഏതാനും വര്‍ഷം മുമ്പ്‌ ഏറണാകുളം മഹാരാജാസില്‍ വീണ അഭിമന്യുവിന്റെ ചോരയുടെ ചാലുകള്‍ അഭിമന്യുവിന്റെ ജില്ലയായ ഇടുക്കിയില്‍ വീണ്ടും കണ്ണീര്‍മഴ പെയ്യിക്കുന്നു.

ധീരജിനെ കുത്തിക്കൊന്ന പ്രതി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ നിഖില്‍ പൈലിയെ മണിക്കൂറുകള്‍ക്കകം പൊലീസ്‌ പിടികൂടി. ബസിൽ യാത്രചെയ്യുമ്പോഴാണ് ഇയാളെ പിടിച്ചത്.വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ആണ് നിഖിൽ.

thepoliticaleditor

ഇന്ന് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോളേജിന് പുറത്തുവച്ചാണ് ധീരജിനെ, നിഖിൽ പൈലി കുത്തിയത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ധീരജ്. കുത്തേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല.

യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം.
സംഘർഷത്തെ തുടർന്ന് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നിർത്തിവയ്‌ക്കാൻ സാങ്കേതിക സർവകലാശാല നിർദ്ദേശിച്ചു.

കോളേജ് അനിശ്ചിതമായി അടച്ചതായി പ്രിൻസിപ്പലും അറിയിച്ചു. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻപ് ക്യാമ്പസിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായതാണ് ഇന്നത്തെ ആക്രമണം.
നാളെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തു.

ധീരജിൻ്റെ കൊലപാതകത്തിൽ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും എൻജിനീയറിം​ഗ് കോളേജ് വിദ്യാർത്ഥികൾ ആണ്. എല്ലാവരും കെ.എസ്. യു പ്രവർത്തകരാണ്. അക്രമത്തിൽ ബന്ധമുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

നിഖിലിന് പുറമേ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ആറ് ആയി.

Spread the love
English Summary: sfi worker stabbed to death in idukki

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick