ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന ഓർഡിനൻസിനെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെ സിപിഎമ്മിന് കനത്ത തിരിച്ചടിയായി സിപിഐ യുടെ വിയോജിപ്പ്.
ഇടതു മുന്നണി പോലും അറിയാതെയാണ് സിപിഎം ഇങ്ങനൊരു ഓർഡിനൻസ് കൊണ്ട് വരാനുള്ള തീരുമാനം എടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ നടത്താതെയായാണ് തീരുമാനമെന്നും കാനം പറഞ്ഞു.
ഓർഡിനൻസ് ഇറക്കുന്ന കാര്യം മുന്നണിയിലോ പാർട്ടിയിലോ ചർച്ചചെയ്യുന്ന രീതിയില്ല. എന്നാൽ, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നടപടി സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും പൊതുനിലപാടിൽനിന്നുള്ള നയപരമായ മാറ്റമാണ്. അത്തരം കാര്യം മുന്നണിയിൽ ചർച്ചചെയ്ത് തീരുമാനിക്കുക എന്നതാണ് എൽ.ഡി.എഫ്. സ്വീകരിച്ചുവരുന്ന രീതിയെന്നുമാണ് മുന്നണിയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രധാനകാര്യങ്ങൾ മുന്നണിയിൽ കൊണ്ടുവരുന്ന രീതിക്ക് മാറ്റംവരുത്തിയിട്ടുണ്ട്. ഇതെ ചൊല്ലി, തുടക്കത്തിൽ സി.പി.ഐ. ഇടഞ്ഞുനിന്നപ്പോൾ, സി.പി.എം.-സി.പി.ഐ. സെക്രട്ടറിതല ചർച്ച എന്നൊരു രീതി കൊണ്ടുവന്നു. മന്ത്രിസഭായോഗത്തിന് മുമ്പായി ഇരുപാർട്ടിയിലെയും സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തുകയും പ്രധാനകാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. ഇതിൽ മിക്കവാറും മുഖ്യമന്ത്രിയും പങ്കെടുക്കാറുണ്ട്. എന്നാൽ, ലോകായുക്ത ഓർഡിനൻസിന്റെ കാര്യം ഈ ചർച്ചയിലും വിഷയമായിട്ടില്ലെന്നാണ് കാനത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.













