• Home
  • kerala
  • അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നും ഹാജരായില്ല…

അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നും ഹാജരായില്ല…

പണവും സ്വാധീനവും നീതിയെ സ്വാധീനിക്കുന്നുവോയെന്ന് സംശയം തോന്നിക്കും വിധമാണ് അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ നീങ്ങുന്നത്. ആദിവാസി യുവാവിന്റെ കൊലപാതകക്കേസ് ഇന്ന് മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ കോടതി പരിഗണിക്കവെ മധുവിന് വേണ്ടി സർക്കാർ അഭിഭാഷകൻ തുടർച്ചയായി ഇന്നും ഹാജരായില്ല. കഴിഞ്ഞ നവംബർ 15-ന് കേസ് പരിഗണിച്ചപ്പോളും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്. എന്നാൽ ഇന്നും പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാൻ തയാറായില്ല. 2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെടുന്നത്.

പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ആരാഞ്ഞു. തുടർന്ന് കേസ് ഫെബ്രുവരി 26-ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.

കേസിലെ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞെന്ന് താൻ കത്ത് നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനൗദ്യോഗിക വിശദീകരണം. അതേസമയം, ഡി.ജി.പി. ഓഫീസിൽനിന്ന് അദ്ദേഹത്തോട് തന്നെ കേസിന്റെ പ്രോസിക്യൂട്ടറായി തുടരാൻ ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ട്.

നേരത്തെയും മധു കേസ് പരിഗണിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് പ്രോസിക്യൂഷൻ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മർദ്ദം ചെലുത്താനും തങ്ങൾക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് പ്രതികരിച്ചത്.

2018 ഫെബ്രുവരി 22-ന് ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. മധുവിനെ കെട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളും സംഘം പുറത്ത് വിട്ടിരുന്നു.

മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം വലിയ രീതിയിൽ ചർച്ചയായെങ്കിലും കേസിന്റെ നിലവിലെ അവസ്ഥ ദയനീയമാണ്.

കേസിനായി ആദ്യം നിയമിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സൗകര്യങ്ങൾ പോരെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു പിന്നീട് 2019 ഓഗസ്റ്റിൽ വി.ടി.രഘുനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഒരുവട്ടം പോലും അദ്ദേഹം മണ്ണാർക്കാട്ടെ കോടതിയിൽ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ മാത്രമാണ് കോടതിയിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *