സെക്രട്ടറിയേറ്റ് ക്യാംപസിലെ ജീവനക്കാർക്ക് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വരുന്ന ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവ് പുന:സ്ഥാപിക്കുക, ജീവനക്കാർ പഞ്ചിങ് ചെയ്യുന്നത് നിർത്തി വയ്ക്കുക, ശനിയാഴ്ച്ച അവധി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത്.
സെക്രട്ടേറിയറ്റ് ക്ലസ്റ്ററായി രൂപപ്പെട്ടിട്ടും, മൂന്നിലൊന്ന് ജീവനക്കാരും കോവിഡ് ബാധിതരായിട്ടും സർക്കാർ കാണിക്കുന്ന നിസംഗത പ്രതിഷേധാർഹമാണെന്ന് കത്തിൽ പറയുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് വിവിധ വകുപ്പുകൾ ഓഫ് ലൈൻ യോഗങ്ങൾ നടത്തിയതെന്ന ആക്ഷേപവും കത്തിലുണ്ട്.













