• Home
  • kerala
  • സി.പി.എം. തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റി: ‘പുതുമുഖ’ങ്ങളിൽ ഒരു പേര്‌ വെറുമൊരു പേര്‌ മാത്രമല്ല…

സി.പി.എം. തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റി: ‘പുതുമുഖ’ങ്ങളിൽ ഒരു പേര്‌ വെറുമൊരു പേര്‌ മാത്രമല്ല…

സി.പി.എം. തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റിയിലെ “പുതുമുഖങ്ങളുടെ” പട്ടികയില്‍ ഒരു പേര്‌ വെറും ഒരു പേര്‌ മാത്രമല്ല, യഥാര്‍ഥത്തില്‍ ഒരു പുതുമുഖവുമല്ല… ഒരു കാലത്ത്‌ പാര്‍ടിയില്‍ ചുരമാന്തി നിന്നിരുന്ന വിഭാഗീയ കുടിപ്പകയുടെ രക്തസാക്ഷിയായിരുന്ന അനേകം നേതാക്കളുടെ പ്രതീകനാമം കൂടിയാണ്‌.

അത്‌ ടി.ശശിധരന്‍ ആണ്‌. തൃശ്ശൂര്‍ മാളക്കടുത്ത അന്നമനട സ്വദേശിയായ ശശിധരന്‍ നീണ്ട പതിനേഴ്‌ വര്‍ഷത്തിനു ശേഷമാണ്‌ പാര്‍ടിയുടെ ജില്ലാ തലത്തിലെത്തുന്നത്‌ എന്നതല്ല, പകരം പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയും ചെറുപ്പക്കാരുടെ തീപ്പൊരി നേതാവുമായിരുന്ന ഒരാള്‍ വിഭാഗീയതയുടെ തീയില്‍ ദഹിച്ച്‌ സംഘടനയുടെ ഏറ്റവും താഴേത്തട്ടിലുള്ള ഘടകത്തിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ടതിനു ശേഷം വീണ്ടും ശാപമോക്ഷം ലഭിക്കുന്നു എന്നതാണ്‌ പുറം വാര്‍ത്തയ്‌ക്കകത്തെ വാര്‍ത്ത.

സി.പി.എമ്മിന്റെ പാലക്കാട്‌ സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശശിധരന്‍ പിന്നീട്‌ വിഭാഗീയതയുടെ ഇരയായി മാറി. 2002 കാലഘട്ടത്തില്‍ തൃശ്ശൂരിലെ വിഭാഗീയത സംബന്ധിച്ച്‌ അന്വേഷിക്കാന്‍ പാര്‍ടി നിയോഗിച്ച കമ്മീഷന്‍ ശശിധരനെതിരെ നടപടിയടുക്കുകയും ബ്രാഞ്ച്‌ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തുകയും ചെയ്‌തു. വളരെ കാലത്തിനുശേഷം അദ്ദേഹത്തിന്‌ ലോക്കല്‍കമ്മിറ്റിയിലേക്ക്‌ പ്രമോഷന്‍ നല്‍കാന്‍ പാര്‍ടി തയ്യാറായി.

വി.എസ്‌.-പിണറായി പോര്‌ മുറുകിയ കാലത്ത്‌ വി.എസ്‌.അനുയായി എന്ന്‌ മുദ്രയടിച്ച്‌ പാര്‍ടിയില്‍ തഴയപ്പെട്ട കേരളത്തിലെ എണ്ണപ്പെട്ട യുവനേതാക്കളില്‍ ഒരാളായിരുന്നു ടി.ശശിധരന്‍. എന്നാല്‍ അദ്ദേഹം വിഭാഗീയത്തീയില്‍ പാര്‍ടിയില്‍ പ്രതികാര നടപടിക്കു വിധേയനായി.

ഇപ്പോള്‍ സി.പി.എം. ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങളിലൊരാളായി രംഗത്തു വരുമ്പോള്‍ ശശിധരന്റെ ഇനിയും നഷ്ടപ്പെടാത്ത ആത്മവിശ്വാസത്തിനും പാര്‍ടിയോടൊപ്പം ചേര്‍ന്നു നിന്ന്‌ പതറാതെ മുന്നോട്ടു പോയതിനുള്ള അംഗീകാരവും കൂടിയായി മാറുകയാണ്‌ ആ സ്ഥാനലബ്ധി എന്ന്‌ ഉറപ്പാണ്‌.

Leave a Reply

Your email address will not be published. Required fields are marked *