നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനാരംഭിച്ചു. കളമശ്ശേരിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. രാവിലെ മുതല്‍ രാത്രി എട്ടു മണി വരെ ചോദ്യം ചെയ്യാമെന്നാണ് ഹൈക്കോടതിയുടെ അനുമതിയുള്ളത്. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇന്ന് ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ഹാജരായി.













