അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ട്വിറ്ററിലൂടെ അയച്ച തുറന്ന കത്ത് വിവാദമായതിനെ തുടർന്ന് പിൻവലിച്ചുവെന്ന് വാർത്ത. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരം പരാമര്‍ശങ്ങള്‍ തുറന്ന കത്തിലുള്ളത് വലിയ തിരിച്ചടിയാകുമെന്ന് ആശങ്ക ഉണ്ടായതോടെയാണത്രേ കത്ത് അപ്രത്യക്ഷമാക്കിയത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയെയും, അദ്ദേഹത്തിന്റെ മകളുടെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും പരി ഹസിച്ചുകൊണ്ടാണ് കത്ത്.
എന്നാൽ സുധാകരൻ അനുമതി നൽകുന്നതിനു മുമ്പേ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാൾ കത്ത് പുറത്തു വിട്ടതാണ് പ്രശ്നമായത് എന്നും പറയുന്നു.
സുധാകരന്റെ കത്തിൽ ഉള്ള പരാമർശങ്ങൾ പുറത്തു വന്നത് ഇപ്രകാരമാണ് :
“താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകൻ തലസ്ഥാനത്തുണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ!
അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ” നന്നായി” തന്നെ നിർവഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.
കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്.എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ., കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും ”അങ്ങേർക്കത്” മനസ്സിലായില്ലെന്നു തോന്നുന്നു.
എല്ലാത്തിനും ”കാരണഭൂതനായ” അങ്ങ് എ.കെ.ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ”അമേരിക്കയിൽ” സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രക്ക് ശേഷം കേരള പൊലീസിനും സുഖമാണ് എന്നറിയുമല്ലോ. കാരണം ഇപ്പോൾ കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗുണ്ടകൾ പൊലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭരണത്തിൽ ഗുണ്ടകൾ പോലും എത്ര മാന്യൻമാർ!”
കത്ത് വൈറലാവുകയും, കത്തിലെ വ്യക്തിപരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തത്തോടെയാണ് മൂന്നര മണിക്കൂറിന് ശേഷം പിൻവലിച്ചത്.













