• Home
  • kerala
  • “അതിജീവിത”യ്‌ക്ക്‌ കത്തുകളുടെ പിന്തുണക്കൂമ്പാരം… ഞങ്ങള്‍ കൂടെയുണ്ട്‌…തളരേണ്ട സിസ്റ്ററേ..

“അതിജീവിത”യ്‌ക്ക്‌ കത്തുകളുടെ പിന്തുണക്കൂമ്പാരം… ഞങ്ങള്‍ കൂടെയുണ്ട്‌…തളരേണ്ട സിസ്റ്ററേ..

50 വയസ്സുള്ള ആ കന്യാസ്‌ത്രീ ഇപ്പോഴും സമൂഹത്തിന്റെ കാണാമറയത്താണ്‌…പേര്‌ അതിജീവിത എന്ന്‌ നമ്മള്‍ വിളിക്കുന്നു ആ സന്യാസിനിയെ. കത്തോലിക്ക സഭ അതിന്റെ അധികാരസോപാനങ്ങളാല്‍ അപമാനിച്ചവള്‍ക്ക്‌ നീതിപീഠവും നീതി നല്‍കിയില്ലെന്ന തിരിച്ചറിവില്‍ സമൂഹം സ്വയം ഏറ്റെടുത്ത ഒരു ദൗത്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ കൈമാറി ആയിരങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. വ്രണിതയായ ആ കന്യാസ്‌ത്രീക്ക്‌ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്‌ത്രീകള്‍ കത്തെഴുതിക്കൊണ്ടിരിക്കുന്നു….അവയിലെല്ലാം ഒരേ സന്ദേശം മാത്രം–ഒറ്റക്കല്ല, ഞങ്ങളുണ്ട്‌ കൂടെ.
ആരും പറയാതെ തന്നെ തുടങ്ങിയ ഒരു കത്തെഴുത്തു കാമ്പയിന്‍ ഇപ്പോള്‍ കന്യാസ്‌ത്രീക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന പോരാട്ടപ്പിന്തുണയായി മാറിക്കഴിഞ്ഞു. കത്തുകള്‍ക്കൊപ്പം ഹാഷ്‌ ടാഗ്‌ കാമ്പയിനും ഉണ്ട്‌.-അവള്‍ക്കൊപ്പം, വിത്ത്‌ നണ്‍ എന്നിവയാണ്‌ ഹാഷ്ടാഗ്‌ കാമ്പയിന്‍ സന്ദേശങ്ങള്‍.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ തന്നെ 13 തവണ പീഡിപ്പിച്ചുവെന്ന്‌ തുറന്നു പറഞ്ഞ്‌ നീതിപീഠത്തെ സമീപിച്ച കന്യാസ്‌ത്രീക്ക്‌ കോടതിയില്‍ നിന്നും പ്രതീക്ഷിച്ച നീതി ലഭിച്ചില്ല. ഫ്രാങ്കോയെ വെറുതെ വിട്ട കോടതി കന്യാസ്‌ത്രീയുടെ പരാതിയില്‍ അസ്വാഭാവികത സംശയിക്കുക കൂടി ചെയ്‌തത്‌ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായി മാറി.
തുടര്‍ന്നാണ്‌ കന്യാസ്‌ത്രീകള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കത്തെഴുതുക എന്ന ആശയം ഉയര്‍ന്നു വരികയും അതിന്‌ വന്‍ പിന്തുണ ലഭിക്കുകയും ചെയ്യുന്നത്‌. ആശ്വസിപ്പിക്കലും ഐക്യദാര്‍ഢ്യവും പോരാട്ടത്തിനൊപ്പമെന്ന ആഹ്വാനവും എല്ലാം സ്വന്തം കൈപ്പടയില്‍ എഴുതിച്ചേര്‍ത്ത നിരവധി കത്തുകളാണ്‌ കന്യാസ്‌ത്രീക്കായി നല്‍കാന്‍ ഏല്‍പിക്കേണ്ട വിലാസത്തില്‍ ഒരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *