സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ പ്രശസ്‌തനായ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. എം.കെ. പ്രസാദ് അന്തരിച്ചു. 89 വയസ്സായിരുന്നു. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായാണ് പ്രൊഫ.പ്രസാദ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തിന് മണ്ണൊരുക്കിയ പ്രമുഖനായ വ്യക്തിയാണ് പ്രസാദ്. പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രചാരകനും പ്രഭാഷകനുമായിരുന്നു അദ്ദേഹം.
പ്രകൃതി സംരക്ഷണ മേഖലയില്‍ ഒട്ടനവധി സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പരിസ്ഥിതി സംബന്ധമായ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐ ആർ ടി സി(Integrated Rural technology Centre) യുടെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.













