നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന് ശ്രമിച്ചു എന്ന കേസില് നടന് ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസില് പുതിയ വെളിപ്പെടുത്തല് നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയടക്കം പരിശോധിക്കാനുണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്ന് പോലീസും വ്യക്തമാക്കി.
മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയാണെങ്കില് അതുവരെ അറസ്റ്റു ചെയ്യരുതെന്ന നിര്ദേശം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ദിലീപിനുവേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷന്കന് ബി. രാമന് പിള്ള ഉന്നയിച്ചു. ഇതോടെ ചൊവ്വാഴ്ചവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ് കോടതിയെ അറിയിച്ചു.













