• Home
  • kerala
  • ദിലീപിന്‌ കുരുക്ക്‌ മുറുകുന്നു, മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഹൈക്കോടതിയില്‍…ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പിന്‌ ലൈക്കടിച്ച്‌ ടൊവിനോയും പൃഥ്വിരാജും

ദിലീപിന്‌ കുരുക്ക്‌ മുറുകുന്നു, മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഹൈക്കോടതിയില്‍…ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പിന്‌ ലൈക്കടിച്ച്‌ ടൊവിനോയും പൃഥ്വിരാജും

പള്‍സര്‍ സുനി എന്ന ക്രിമിനലിനെ തനിക്ക്‌ ഒരു പരിചയവും ഇല്ലെന്ന്‌ ദൈവനാമത്തില്‍ ആണയിടുന്ന നടന്‍ ദിലീപിന്‌ ഒരിക്കലും ഊരിപ്പോകാന്‍ കഴിയാത്ത കുരുക്കുകള്‍ സ്വയം വന്നു വീഴുകയാണ്‌.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി കേസിലെ സാക്ഷിയായ ജിന്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ മൂലം പുതിയ കേസ്‌ നേരിടുന്ന ജനപ്രിയ നായകന്‍ തീര്‍ത്തും അപ്രിയനായി മാറിക്കൊണ്ടിരിക്കയാണ്‌.

പള്‍സര്‍ സുനി

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന ദിലീപിന്റെ ഭീഷണിയുടെ ഓഡിയോ പുറത്തുവന്നതോടെ പൊലീസ്‌ പുതിയ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കയാണ്‌. ഈ കേസില്‍ ഗോപലകൃഷ്‌ണന്‍ എന്ന ദിലീപ്‌ മാത്രമല്ല, സഹോദരന്‍ അനൂപ്‌, സഹോദരീ ഭര്‍ത്താവ്‌ സൂരജ്‌ എന്നിവരും പ്രതികളാണ്‌. കുരുക്ക്‌ മുറുകുന്നത്‌ അറിഞ്ഞതോടെ നടന്‍ ഇന്ന്‌ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തി. കോടതി ഹര്‍ജി ചൊവ്വാഴ്‌ച പരിഗണിച്ചേക്കും.

ദിലീപും സംവിധായകന്‍ ബാലചന്ദ്രകുമാറും

പൊലീസ്‌ ഗൂഢാലോചന നടത്തി ഉണ്ടാക്കിയ കേസാണെന്നാണ്‌ ദിലീപിന്റെ വാദം. സമര്‍ഥമായ തന്ത്രങ്ങളിലൂടെ സ്വന്തം പ്രതിച്ഛായ നന്നാക്കിയെടുത്ത്‌ സ്വയം നിരപരാധി ചമഞ്ഞു കൊണ്ടുള്ള ദിലീപിന്റെ നീക്കങ്ങള്‍ക്ക്‌ ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മുന്നിലേറെ തവണ താന്‍ കണ്ടിട്ടുണ്ടെന്ന്‌ പള്‍സര്‍ സുനി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്‌. ആലുവയിലെ ദിലീപിന്റെ പത്മസരോവരം എന്ന വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ടെന്ന്‌ സുനി പറയുന്നുണ്ട്‌. ദിലീപിനൊപ്പം പള്‍സര്‍ സുനിയെ പല വട്ടം താന്‍ കണ്ടിട്ടുണ്ടെന്ന്‌ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്‌.

ആക്രമിക്കപ്പെട്ട നടിയുടെ സമൂഹമാധ്യമ കുറിപ്പ്‌

ഈ മൊഴി സത്യമാണെന്ന്‌ തെളിയിക്കുന്ന ഫോണ്‍ സംഭാഷണമാണ്‌ പുതിയതായി വന്നിരിക്കുന്നത്‌. പള്‍സര്‍ സുനിയെ തനിക്ക്‌ അറിയുകയേ ഇല്ലെന്ന ദിലീപിന്റെ ആണയിടല്‍ തനി കള്ളത്തരമാണെന്ന്‌ തെളിയിക്കാന്‍ ഈ ഫോണ്‍സംഭാഷണത്തിന്‌ സാധിച്ചു എന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ഈ ഫോണ്‍വിളി സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടങ്ങിയിരിക്കയാണ്‌.

ആക്രമിക്കപ്പെട്ട നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌ത കുറിപ്പിന്‌ പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്‌. യുവ സൂപ്പര്‍ സിനിമതാരങ്ങളായ ടൊവിനോ തോമസും പൃഥ്വീരാജ്‌ സുകുമാരനും നടിക്ക്‌ പിന്തുണ നല്‍കി. പ്രമുഖ നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്‌ജു വാര്യരും നടിയുടെ പോസ്‌റ്റിന്‌ പിന്തുണയുമായെത്തി.

ആലപ്പി അഷ്‌റഫ്‌

ദിലീപ്‌ തന്നെയും അപായപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നു എന്ന്‌ ആരോപിച്ച്‌ സംവിധായകന്‍ ആലപ്പി അഷ്‌റഫും ഇന്ന്‌ രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചു എന്നതിന്റെ പേരില്‍ അഷ്‌റഫിനെ ലോറി കയറ്റിക്കൊല്ലണം എന്ന്‌ ദിലീപ്‌ പറഞ്ഞെന്നാണ്‌ അഷ്‌റഫ്‌ ഫേസ്‌ബുക്ക്‌ കുറിപ്പില്‍ പറയുന്നത്‌.

https://thepoliticaleditor.com/2022/01/fb-post-of-director-alappy-ashraf-hints-the-cruel-diolouge-of-actor-dileep/

പള്‍സര്‍സുനിയെ വാടകക്കെടുത്ത്‌ നടിയെ ആക്രമിച്ച ശേഷം ഏറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സിനിമാപ്രവര്‍ത്തകര്‍ നടിക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ നടത്തിയ സമ്മേളനത്തില്‍ നടിക്കു വേണ്ടി അതിമനോഹരമായി അഭിനയിച്ച്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിലെ കപട ചാതുര്യം ഇനിയും ദിലീപിന്‌ പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോള്‍ സംജാതമായിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *