ഇന്ത്യയിലെ ഹി്‌ന്ദു ആത്മീയതയുടെ പരമോന്നത കേന്ദ്രങ്ങളിലൊന്നായി കരുതുന്ന ഹരിദ്വാറില്‍ ഡിസംബറില്‍ നടന്ന ഹിന്ദു ധര്‍മ്മസന്‍സത് എന്ന മതപാര്‍ലമെന്റില്‍ ആത്മീയത മാത്രമല്ല, കൊലവിളിയും നടന്നത് ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കൊന്നും വാര്‍ത്തയായില്ല.
എന്നാല്‍ ഈ മതസമ്മേളനത്തിലെ പ്രസംഗങ്ങള്‍ക്കെതിരെ, രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുള്ള അഞ്ച് മുന്‍ സൈനിക മേധാവികള്‍ ഉള്‍പ്പെടെ നൂറിലധികം പ്രമുഖ വ്യക്തികള്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പ്രതിഷേധ കത്തെഴുതിയപ്പോഴാണ് ലോകം ഇക്കാര്യം അറിയുന്നത്.
അതറിയിച്ചതാവട്ടെ സംഘപരിവാറിന്റെ കരിമ്പട്ടികയിലുള്ള പ്രമുഖ ദേശീയ മാധ്യമം എന്‍.ഡി.ടി.വി. വാര്‍ത്ത നല്‍കിയപ്പോള്‍. ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നും അതിന് ആവശ്യമാണെങ്കില്‍ മുസ്ലീങ്ങളെ മുഴുവനായി കൂട്ടക്കൊല നടത്തണമെന്നും സന്യാസിമാര്‍ ആഹ്വാനം ചെയ്‌ത സംഭവമാണ് ഇപ്പോള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

ഹരിദ്വാറില്‍ മാത്രമല്ല അടുത്തിടെ ഡല്‍ഹിയിലും ഇതേരീതിയിലുള്ള മതസമ്മേളനം നടത്തി കൊലവിളി നടത്തിയ സന്യാസിമാര്‍ക്കെതിരെയും കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍.ഡി.ടി.വി. പറയുന്നു.
2021 ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ സംഘടിപ്പിച്ച ധർമ്മ സൻസദ് എന്ന മൂന്ന് ദിവസത്തെ മത സമ്മേളനത്തിൽ സന്യാസിമാരുടെയും മറ്റ് നേതാക്കളുടെയും പ്രസംഗങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്ന് ഈ പ്രമുഖരായ വ്യക്തികൾ കത്തിൽ എഴുതി.
മുന്‍ നാവിക സേനാ മേധാവിമാരായ അഡ്‌മിറല്‍ ലക്ഷ്‌മിനാരായണ്‍ രാംദാസ്, അഡ്‌മിറല്‍ വിഷ്‌ണു ഭാഗവത്, അഡ്‌മിറല്‍ അരുണ്‍ പ്രകാശ്, അഡ്‌മിറല്‍ ആര്‍.കെ.ധൊവാന്‍, വൈസ് ചീഫായിരുന്ന രാമന്‍ പ്രേം സുതന്‍, മുന്‍ വ്യോമസേനാമേധാവി എസ്.പി.ത്യാഗി, വൈസ് ചീഫ് വിജയ് ഒബ്‌റോയ്, പടിഞ്ഞാറന്‍ നാവിക കമാന്‍ഡ് മേധാവിയായിരുന്ന അഡ്‌മിറല്‍ മദന്‍ജിത് സിങ് എന്നിവരും വൈസ് അഡ്‌മിറല്‍ ഡി.ബി. കപില, ലഫ്.ജനറല്‍ ആര്‍.കെ.നാനാവതി, ലഫ്.ജന. കെ.എസ്.റാവു, എയര്‍മാര്‍ഷല്‍മാരായിരുന്ന ടി.ആര്‍.ജെ.ഒസ്‌മാന്‍, ഫിലിപ്പ് രാജ്‌കുമാര്‍, അജിത് ഭവ്‌നാനി, എസ്.കെ.ഭാന്‍, മറ്റ് ഉന്നത കരസേനാ ഓഫീസര്‍മാരായ 17 പേര്‍, മുന്‍ പഞ്ചാബ് പൊലീസ് മേധാവി ജുലിയോ റിബൈറോ, മുന്‍ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ് ജങ്, പ്രമുഖ അഭിഭാഷക ഇന്ദിര ജയ്‌സിങ്, മുന്‍ അംബാസിഡര്‍ കെ.പി.ഫാബിയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍, ആനന്ദ പട് വര്‍ധന്‍, ടി.എം. കൃഷ്‌ണ തുടങ്ങിയ കലാ-സിനിമാ രംഗത്തെ പ്രമുഖര്‍, ഐ.ടി. പ്രൊഫഷണലുകള്‍, മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥര്‍, ജേര്‍ണലിസ്‌റ്റുകള്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ഇന്ത്യയിലെ തലയെടുപ്പും പ്രശ്‌സതിയുമുള്ള നൂറിലേറെ പേരാണ് കത്തില്‍ ഒപ്പു വെച്ചിട്ടുള്ളത്. ഇത് ഈ വിഷയത്തിന്റെ ഗൗരവം പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്.

ധർമ്മ സൻസദിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന ആവർത്തിച്ചുള്ള ആഹ്വാനമുണ്ടായിരുന്നു. ഇതോടൊപ്പം, ആവശ്യമെങ്കിൽ ഹിന്ദുമതത്തെ സംരക്ഷിക്കാനെന്ന പേരിൽ ഒരു പ്രത്യേക സമുദായത്തെ ആയുധമെടുത്ത് കൊന്നുകളയുമെന്ന ആഹ്വാനവും ഉയർന്നു.
ഹരിദ്വാറിലെ വേദ് നികേതൻ ധാമിലായിരുന്നു മൂന്ന് ദിവസത്തെ ധർമ്മ സൻസദ് നടന്നത് . ‘ഇസ്‌ലാമിക ഇന്ത്യയിൽ സനാതന്റെ ഭാവി’ എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.

സ്വാമി അമൃതാനന്ദ, സ്വാമി സത്യവ്രതാനന്ദ സരസ്വതി, മഹാമണ്ഡലേശ്വര് യതി നരസിംഹാനന്ദ ഗിരി, സ്വാമി വേദാന്ത പ്രകാശ് സരസ്വതി, സ്വാമി പരമാനന്ദ്, സ്വാമി ലളിതാനന്ദ മഹാരാജ്, പണ്ഡിറ്റ് അധീർ കൗശിക് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള 500-ഓളം മഹാമണ്ഡലേശ്വര-സന്യാസിമാർ ഇതിൽ പങ്കെടുത്തിരുന്നു.
ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നും അതിന് ആവശ്യമാണെങ്കില്‍ മുസ്ലീങ്ങളെ മുഴുവനായി കൂട്ടക്കൊല നടത്തണമെന്നും സന്യാസിമാര്‍ ആഹ്വാനം ചെയ്‌തു. മുസ്ലീങ്ങളെ മാത്രമല്ല ക്രിസ്‌ത്യാനികള്‍, ദളിതുകള്‍, സിഖുകാര്‍ എന്നിവരെയും ഇല്ലാതാക്കണമെന്ന ആഹ്വാനവും മുഴക്കി.
ഇന്ത്യന്‍ മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്ന ആഹ്വാനം ഹരിദ്വാറില്‍ മാത്രമല്ല, കഴിഞ്ഞ ആഗസ്റ്റില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിയ സമ്മേളനത്തിലും ഉയര്‍ന്നിരുന്നു.













