Categories
kerala

രോഗത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്ന് വിദഗ്ധസമിതി, നിയന്ത്രിച്ചപ്പോള്‍ കേസുകള്‍ കുറഞ്ഞതായി നിഗമനം

രണ്ടാഴ്ചയിലേറെയായി പ്രാബല്യത്തിലുള്ള ലോക്ഡൗണ്‍ കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചു. രോഗത്തിന്റെ ഉച്ചസ്ഥായി കടന്നു പോയതായാണ് വിദഗ്ധസമിതി വിലയിരുത്തലെന്നും മുഖ്യമന്ത്രി അറിയിച്ചു. എങ്കിലും ഇതു കൊണ്ടുമാത്രം ഒട്ടും അശ്രദ്ധ കാണിക്കാനുള്ള സമയമല്ല ഇതെന്നും പിണറായി വിജയന്‍ പറഞ്ഞു.
നിയന്ത്രണം ഏര്‍പ്പെടുത്തും മുമ്പ് 45,000-ത്തിനു മേലേക്ക് കുതിച്ചിരുന്ന പ്രതിദിന കേസുകള്‍ താഴേക്ക് വന്ന് ഇന്ന് 21,402 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്കിലും നേരിയ കുറവുണ്ട്–87 ആണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായ കൊവിഡ് മരണങ്ങള്‍. കഴിഞ്ഞയാഴ്ച നൂറിനടുത്ത് മരണങ്ങള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇതായിരുന്നു:

സംസ്ഥാനത്തെ രോഗവ്യാപനത്തിന്‍റെ കാര്യത്തില്‍ അല്‍പം ശുഭകരമായ സൂചനകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. മെയ് 1 മുതല്‍ 8 വരെ നോക്കിയാല്‍ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാല്‍, ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്.
ആ ഘട്ടത്തില്‍ 8 ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ നില സ്ഥായിയായി തുടരുകയാണ്. എന്നാല്‍, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നതായാണ് കാണുന്നത്. കൊല്ലം ജില്ലയില്‍ 23 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

thepoliticaleditor

എങ്കിലും സംസ്ഥാനത്ത് പൊതുവില്‍ ആക്റ്റീവ് കേസുകളില്‍ നേരിയ കുറവുണ്ടായിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. 4,45,000 വരെ എത്തിയ ആക്റ്റീവ് കേസുകള്‍ 3,62,315 ആയി കുറഞ്ഞിരിക്കുന്നു.

ലോക്ഡൗണിനു മുന്‍പ് നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടേയും രാത്രി കര്‍ഫ്യൂവിന്‍റേയും പൊതുവേയുള്ള ജാഗ്രതയുടേയും ഗുണഫലമാണിതെന്നു വേണം അനുമാനിക്കാന്‍.
ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം, ആ ദിവസത്തിന് ഒന്നു മുതല്‍ ഒന്നര ആഴ്ച വരെ മുന്‍പ് ബാധിച്ചതായതിനാല്‍ ലോക്ക്ഡൗണ്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാന്‍ പോകുന്നേയുള്ളു. ഇപ്പോള്‍ കാണുന്ന ഈ മാറ്റം ലോക്ഡൗണ്‍ ഗുണകരമായി മാറിയേക്കാം എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
ജനങ്ങള്‍ പ്രദര്‍ശിപ്പിച്ച കര്‍ശനമായ ജാഗ്രത ഗുണകരമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതുകൊണ്ട്, ലോക്ക്ഡൗണിന്‍റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ കൂടെ ഈ ജാഗ്രത തുടര്‍ന്നുകൊണ്ട് നമുക്ക് മുന്നോട്ടു പോകാം. നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതയ്ക്ക് അപ്പുറത്തേയ്ക്ക് രോഗവ്യാപനം ശക്തമാകാതിരിക്കണം. അതിന് ഈ ലോക്ഡൗണ്‍ വിജയിക്കേണ്ടത് അനിവാര്യമാണ്.

ഇന്ന് അവലോകന യോഗം നിലവിലുള്ള സ്ഥിതി വിലയിരുത്തി.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നത് ആശ്വാസാകരമാണ്. രോഗവ്യാപനത്തിന്‍റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദദ്ധര്‍. എന്നാല്‍, അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല.

Spread the love
English Summary: PEAK OF COVID SPREAD IS OVER EVALUATES EXPERT COMMITEE SAYS CHIEF MINISTER PINARAYI VIJAYAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick