വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ഇടങ്ങളില്‍ ഉടുതുണിയല്ലാതെ മറ്റെല്ലാം നഷ്ടപ്പെട്ടുപോയ നൂറുകണക്കിന് മനുഷ്യര്‍ക്കായി ഒഴുകിയെത്തിയ സഹായങ്ങളില്‍ അവശ്യവസ്തുക്കള്‍ ആവശ്യത്തിലധികമായിരുന്നുവെന്നും ഇനി അത്തരം സാധനങ്ങള്‍ അയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചപ്പോള്‍ ഒപ്പം എടുത്തു പറഞ്ഞ കാര്യം ഏഴ് ടണ്‍ പഴകിയ തുണിയാണ് അയച്ചുകിട്ടിയത് എന്നതായിരുന്നു. ഉപയോഗിച്ച് പഴകിയ തുണികള്‍ അയക്കരുതെന്ന് ആദ്യമേ അഭ്യര്‍ഥിച്ചിട്ടും മലയാളികളുള്‍പ്പെടെയുള്ളവര്‍ നീട്ടിയ സഹായങ്ങളില്‍ ഇത്തരം പഴകിയ തുണി ടണ്‍ കണക്കിനായിരുന്നു.

“ദുരിതാശ്വാസത്തിന്‍റെ ഭാഗമായി വയനാട്ടിലെ കളക്ഷന്‍ സെന്‍ററില്‍ എത്തിയ ഏഴു ടണ്‍ തുണി ഉപയോഗിച്ചു പഴകിയതായിരുന്നു. അതു മുഴുവനും സംസ്കരിക്കാനായി അയക്കേണ്ടി വന്നത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഉപകരിക്കാന്‍ ചെയ്തതാകാമെങ്കിലും ഈ പ്രവൃത്തി ഫലത്തില്‍ ഉപദ്രവകരമാവുകയാണുണ്ടായത്. നിലവില്‍ ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളാണ് ഇനിവേണ്ടത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കുകയോ കളക്ടറേറ്റുകളില്‍ ചെക്ക് / ഡ്രാഫ്റ്റ് മുഖേനയോ ആവുകയോ നല്‍കാന്‍ കൂടുതല്‍ ആളുകള്‍ സന്നദ്ധരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”- മുഖ്യമന്ത്രി ഇന്ന് പ്രത്യേകം പറയേണ്ടി വന്നു.













