ഇസ്‌ലാമിക ചാരിറ്റബിൾ എൻഡോവ്‌മെൻ്റുകളുടെ കൂടുതൽ കേന്ദ്രീകൃത നിയന്ത്രണത്തിനായുള്ള 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ഇന്ത്യ സഖ്യം എതിർത്തതിനെത്തുടർന്ന് കൂടുതൽ സൂക്ഷ്മപരിശോധനയ്ക്കായി സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടു. ആർജെഡി, സമാജ്‌വാദി പാർട്ടി , ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) തുടങ്ങിയ പാർട്ടികൾ വഖഫ് ഭരണത്തിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഭേദഗതികളെ വിമർശിച്ചു.
മുസ്‌ലിംകൾ മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന വഖഫ് സ്വത്തുക്കളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള കരട് നിയമനിർമ്മാണം എന്നാണ് ഭരണപക്ഷം അവകാശപ്പെട്ടത്. ബിൽ ആസൂത്രിത രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു . “മറ്റു മത ബോർഡുകളിൽ അവിശ്വാസികൾ ഇല്ലാത്തപ്പോൾ എന്തിന് അമുസ്ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തണം?” – അദ്ദേഹം ചോദിച്ചു.
ബിൽ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ആരോപിച്ചു. “വഖഫ് സ്വത്തുക്കൾ വരുന്നത് സംഭാവനകളിൽ നിന്നാണ്. മതപരവും ജീവകാരുണ്യവുമായ ഉദ്ദേശ്യങ്ങൾക്കായി സ്ഥാപനങ്ങൾ രൂപീകരിക്കാനും പരിപാലിക്കാനുമുള്ള അവകാശം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 26 ലംഘിക്കുന്നതാണ് ഈ ബിൽ. ഈ ബില്ലിൽ സർക്കാർ അമുസ്‌ലിംകൾക്കും വഖഫ് ഗവേണിംഗ് കൗൺസിലിൽ അംഗങ്ങളാകാമെന്ന വ്യവസ്ഥ ഏർപ്പെടുത്തുന്നു. ഇതും അവകാശങ്ങളുടെ ലംഘനമാണ് . ഈ വ്യവസ്ഥ വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ്.” — വേണുഗോപാൽ പറഞ്ഞു.
“ഇപ്പോൾ നിങ്ങൾ മുസ്ലീങ്ങളുടെ പിന്നാലെ പോകുന്നു. അടുത്തതായി നിങ്ങൾ ക്രിസ്ത്യാനികളുടെയും ജൈനരുടെയും പിന്നാലെ പോകും. ഇന്ത്യയുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ഹിന്ദുക്കൾ എന്ന നിലയിൽ വിശ്വാസികളാണ്, എന്നാൽ ഞങ്ങൾ മറ്റ് മതങ്ങളെയും ബഹുമാനിക്കുന്നു. “ഈ ബിൽ ഫെഡറൽ സംവിധാനത്തിനെതിരായ ആക്രമണം കൂടിയാണ്.”– വേണുഗോപാൽ പറഞ്ഞു. മഹാരാഷ്ട്ര, ബിഹാർ, ഹരിയാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളുമായി ബില്ലിന് ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
“സമുദായങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാ ബില്ലുകളിലും, ക്ഷേമത്തിനുള്ള ഒരു പ്രചോദനം ഉണ്ടായിരിക്കണം. ആളുകളെ വിഭജിക്കാൻ നിങ്ങൾ പ്രേരിപ്പിക്കുന്നു.”- വേണുഗോപാൽ പറഞ്ഞു.
വഖഫ് നിയമത്തിൽ ഭേദഗതികൾ വരുത്താൻ പാർലമെൻ്റിന് അധികാരമില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു. “വഖഫ് മാനേജ്മെൻ്റ് മുസ്ലീങ്ങളുടെ അനിവാര്യമായ ഒരു മതപരമായ ആചാരമാണ്. ഇത് കർശനമായി നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഹിന്ദുക്കൾക്ക് അവരുടെ സ്വത്തുക്കൾ നൽകാം എന്നാൽ മുസ്ലീങ്ങൾക്ക് അത് അല്ലാഹുവിന് നൽകാൻ കഴിയില്ല. ഒരാൾ തൻ്റെ സ്വത്ത് വഖ്ഫിനായി ദാനം ചെയ്യുന്നതിന് മുമ്പ് അഞ്ച് വർഷത്തേക്ക് ഇസ്ലാം ആചരിക്കുന്നുണ്ടോ എന്ന് ആരാണ് തീരുമാനിക്കുക?– ബിൽ വ്യവസ്ഥകളിലൊന്ന് പരാമർശിച്ചുകൊണ്ട് ഒവൈസി ചോദിച്ചു. വഖഫ് സ്വത്തുക്കൾ പൊതുസ്വത്തല്ലെന്ന് ഒവൈസി പറഞ്ഞു. “ഈ സർക്കാർ പള്ളികൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ബിൽക്കിസ് ബാനോയെയും സാകിയ ജാഫ്രിയെയും വഖഫ് അംഗങ്ങളാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.”– 2002 ലെ ഗുജറാത്ത് കലാപത്തെ അതിജീവിച്ചവരെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. (കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുമ്പോൾ ബാനോ മൂന്ന് മാസം ഗർഭിണിയായിരുന്നു. കൊല്ലപ്പെട്ട അവളുടെ ഏഴ് ബന്ധുക്കളിൽ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെടുന്നു. സാകിയ ജാഫ്രിയുടെ ഭർത്താവും മുൻ കോൺഗ്രസ് പാർലമെൻ്റ് അംഗവുമായ എഹ്‌സാൻ ജാഫ്രിയെ കലാപത്തിനിടെ വെട്ടി കൊലപ്പെടുത്തുകയും പിന്നീട് കത്തിക്കുകയും ചെയ്തിരുന്നു.)
ഹിന്ദുക്കളാണ് അവരുടെ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്നതെന്നും എന്നാൽ മറ്റ് മതങ്ങളിൽപ്പെട്ടവർ വഖഫ് മാനേജ്മെൻ്റിൻ്റെ ഭാഗമാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എസ്പി നേതാവ് മൊബിബുള്ള പറഞ്ഞു. ബിൽ തുല്യതയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആർട്ടിക്കിൾ 14 ലംഘിക്കുന്നതായി തൃണമൂൽ കോൺഗ്രസ് ലീഡർ സുദീപ് ബന്ദോപാധ്യായ വാദിച്ചു. ബിൽ കേന്ദ്ര സർക്കാരിൻ്റെ നിയമനിർമ്മാണ പരിധിക്ക് അതീതമാണെന്നും ഇത് ഭരണഘടനാ ധാർമികതയ്ക്ക് എതിരാണെന്നും തൃണമൂൽ എംപി കല്യാൺ ബാനർജി പറഞ്ഞു. “ഈ ബിൽ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതാണ്. രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമം നടന്നിരുന്നു. അത് ജനങ്ങൾ തള്ളിക്കളഞ്ഞു.”- അദ്ദേഹം ആരോപിച്ചു.
ഈ ബിൽ പാസായാൽ വഖഫ് സമ്പ്രദായം മുഴുവൻ തകരുമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. വഖഫ് ബോർഡ് ചെയർമാനേക്കാൾ ശ്രേഷ്ഠരാകുന്ന ജില്ലാ കളക്ടർമാർക്ക് എല്ലാ അധികാരങ്ങളും ബിൽ നൽകുന്നു. ഈ ബിൽ വഖഫ് ഭൂമി കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ഉദ്ദേശം സാമുദായിക സൗഹാർദം തകർക്കുക എന്നതാണ്.– മുഹമ്മദ് ബഷീർ ആരോപിച്ചു.
ബിൽ കൊണ്ടുവരുന്നതിന് മുമ്പ് സർക്കാർ ഒരു സംസ്ഥാനത്തോടും കൂടിയാലോചിച്ചിട്ടില്ലെന്ന് സിപിഎം അംഗം കെ രാധാകൃഷ്ണൻ പറഞ്ഞു. നിയമനിർമ്മാണ പരിശോധനയിൽ ബിൽ തള്ളിക്കളയുമെന്ന് ആർ.എസ്.പി.അംഗം എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ ഹരീഷ് ബാലയോഗി ബില്ലിനെ പിന്തുണച്ചുവെങ്കിലും സ്വത്ത് ദാതാക്കളുടെ ലക്ഷ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടു. “പുതിയ നിയമം രാജ്യത്തെ പാവപ്പെട്ട മുസ്ലീങ്ങളെയും മുസ്ലീം സ്ത്രീകളെയും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ബിൽ സെലക്ട് കമ്മിറ്റിക്ക് അയക്കുന്നതിൽ അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നത് ശ്രദ്ധേയമായി. ഭരണ പക്ഷത്തു തന്നെ ചില വിയോജിപ്പുകൾ ബില്ലിനെ സംബന്ധിച്ചുണ്ട് എന്ന സൂചനയാണിത്.













