Categories
alert

നിപ-യെ പ്രതിരോധിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്‌

നിപ വളരെ കുറച്ച് മാത്രം വ്യാപന ശേഷിയുള്ള വൈറസാണ്. വൈറല്‍ പനി പോലെയോ ഡങ്കിപ്പനി, എലിപ്പനി പോലെയോ വ്യാപിക്കില്ല. ലോകത്തെ മൊത്തം വ്യാപനത്തോത് നോക്കിയാൽപ്പോലും നിപ രോഗനിരക്ക് വളരെക്കുറവാണ്. പക്ഷേ രോഗം ബാധിക്കുന്നവരിൽ മരണമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നതാണ് പ്രധാന വെല്ലുവിളി. നാൽപ്പത് മുതൽ എൺപത് ശതമാനം വരെ മരണനിരക്ക് ഉണ്ട്. അതായത് നൂറ് പേർക്ക് ബാധിച്ചാൽ നാൽപ്പത് മുതൽ എൺപത് പേർ വരെ മരിച്ചുപോയേക്കാം.

ഇന്ത്യ കൂടാതെ ബംഗ്ലാദേശ്,മലേഷ്യ, സിംഗപ്പൂർ അങ്ങനെ വളരെ കുറച്ച് രാജ്യങ്ങളിലാണ് നിപ റിപ്പോർട്ട് ചെയ്തത്.
ഇത് സാധാരണയായി മൃഗങ്ങളിൽ നിന്ന് അല്ലെങ്കിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കാണ് പകരുക. വവ്വാലുകളിൽ ഈ വൈറസിന്റെ സ്രോതസ്സ് ഉണ്ട്. വവ്വാലുകളിൽ നിപ മാത്രമല്ല, കോടിക്കണക്കിന് വൈറസുകളുണ്ട്. വവ്വാലുകൾ പഴങ്ങളിൽ കടിക്കുന്നു. വവ്വാൽ കടിച്ച പഴവർഗ്ഗങ്ങൾ കഴിക്കുന്നതിലൂടെ വൈറസ് നമ്മുടെ ശരീരത്തിലേക്കും എത്തുന്നു. തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നു. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയവ ഒഴിവാക്കുക.

thepoliticaleditor

സാധാരണ പനിയുടെ ലക്ഷണങ്ങളാണ് ഉണ്ടാകുക. ശക്തമായ പനി, തലവേദന, ഛർദ്ദിയൊക്കെയുണ്ടാകും. വൈറസ് രണ്ട് ഭാഗങ്ങളെ ബാധിക്കുന്നു- തലച്ചോറിനെയും ശ്വാസകോശത്തെയും.ശ്വാസകോശത്തെ ബാധിക്കുമ്പോൾ ന്യൂമോണിയ വരും. ശ്വസനപ്രക്രിയയിൽ തടസം വന്നോ തലച്ചോറിനെ ബാധിച്ച് നീർക്കെട്ടുണ്ടായോ ആണ് മരണം സംഭവിക്കുക.

പതിനാല് ദിവസമാണ് ഇൻകുബേഷൻ പിരീഡ്. അതായത് ശരീരത്തിൽ അണുക്കൾ പ്രവേശിച്ച്, രോഗലക്ഷണങ്ങളിലെത്താൻ പത്ത് മുതൽ പതിനാല് ദിവസം വരെയെടുക്കും. അസുഖത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ് പടരുക.

രോഗിയുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്തി അവരെ ക്വാറന്റൈനില്‍ ആക്കുക എന്നതാണ് രോഗം കണ്ടെത്താനും വ്യാപനം തടയാനുമുള്ള ഫലപ്രദമായ മാര്‍ഗം. ഒപ്പം ജീവികള്‍ പ്രത്യേകിച്ച് പക്ഷികള്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക. നിപ തടയാനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ നിപ രോഗമുള്ളവരെ കേരളത്തില്‍ തന്നെ ചികില്‍സയിലൂടെ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നത് ആശ്വാസത്തിന്റെ കിരണമായി മുന്നിലുണ്ട്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ മരുന്ന് ഫലിക്കില്ല എന്നതാണ് അനുഭവം.

രോഗമുണ്ടെന്നു സംശയിക്കുന്ന ആളുകളുമായി ഇടപെടുമ്പോൾ കയ്യുറകളും എൻ–95 മാസ്കും ധരിക്കണം. രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കണം. ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഒറ്റത്തവണ ഉപയോഗിക്കുന്ന തരം ആയിരിക്കണം. രോഗിയുമായുള്ള സമ്പർക്കത്തിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക.
സോപ്പ് അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. രോഗി ഉപയോഗിച്ച സാധനങ്ങൾ മറ്റാരും തൊടാതെ സൂക്ഷിക്കുക.

ഒരു ജില്ലയില്‍ അല്ലെങ്കില്‍ ഒരിടത്ത് രോഗം സ്ഥിരീകരിച്ചു എന്നത് കൊണ്ട് അവിടെ രോഗം വ്യാപിക്കണമെന്നില്ല. ആ പ്രദേശത്ത് സഞ്ചരിച്ച എല്ലാവര്‍ക്കും രോഗം വരികയുമില്ല. രോഗിയുടെ ശരീരത്തിലെ സ്രവങ്ങളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായാലാണ് രോഗം പകരാനുള്ള സാധ്യത.

രോഗി മരിച്ച ശേഷവും ദേഹത്തു നിന്നും രോഗം പകരാനുള്ള സാധ്യത ഉണ്ട്. മൃതദേഹത്തിലും ഏതാനും ദിവസത്തേക്ക് വൈറസ് നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ശവസംസ്‌കാരത്തിലും മറ്റും കടുത്ത നിയന്ത്രണം ആവശ്യമാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick