• Home
  • latest news
  • പാവം ശലഭപ്പുഴു…അതിനെ കൊലയാളിയാക്കി രസിക്കുന്നവര്‍

പാവം ശലഭപ്പുഴു…അതിനെ കൊലയാളിയാക്കി രസിക്കുന്നവര്‍

കര്‍ണാടകത്തിലെ കരിമ്പുതോട്ടങ്ങളില്‍ കണ്ടെത്തിയെന്നു പ്രചരിപ്പിക്കപ്പെട്ട ഒരു ശലഭപ്പുഴുവിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനു പകരം അതിനെ വില്ലനാക്കി മാറ്റിയ സോഷ്യല്‍ മീഡിയാ കുതന്ത്ര മനസ്സിനെതിരെ ശാസ്‌ത്രജ്ഞര്‍. സ്ലഗ്‌ മോത്ത്‌ എന്ന വിഭാഗത്തില്‍ പെട്ട ശലഭത്തിന്റെ പുഴു ആണിത്‌. എന്നാല്‍ മനുഷ്യന്റെ മൃതദേഹത്തിന്റെ ചിത്രത്തോടു ചേര്‍ത്തു വെച്ച്‌ ഇത്‌ ആളെക്കൊല്ലിപ്പുഴുവാണെന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം വന്നതോടെ സുന്ദരരൂപത്തിലുള്ള പുഴു വലിയ വില്ലനായി. കര്‍ണാടകയിലെ കരിമ്പുതോട്ടങ്ങളില്‍ കാണപ്പെട്ട പുഴു കരിമ്പ്‌ മുഴുവന്‍ നശിപ്പിക്കുന്ന വിനാശകാരിയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. കര്‍ഷകര്‍ വന്‍ പരിഭ്രാന്തിയിലുമായി. സമൂഹമാധ്യമപ്രചാരണം ശക്തമായതോടെ കാര്‍ഷിക ശാസ്‌ത്രജ്ഞരുടെയും ജന്തുശാസ്‌ത്രജ്ഞരുടെയും ശ്രദ്ധയില്‍ ഇക്കാര്യം വന്നു. അത്‌ പുഴുവിന്‌ രക്ഷയായി. വസ്‌തുതകള്‍ വിശദീകരിച്ച്‌ അവര്‍ രംഗത്തെത്തി. പുഴു നിരുപദ്രവകാരിയാണെന്നും തൊട്ടാല്‍ ചിലപ്പോള്‍ ദേഹത്ത്‌ ഒരു ചൊറിച്ചില്‍ ഉണ്ടാകുമെന്നതിനപ്പുറം ഒരു അപകടവും ഉണ്ടാവില്ലെന്നും ശാസ്‌ത്രജ്ഞര്‍ വിശദീകരിച്ചു. കരിമ്പുതോട്ടങ്ങളില്‍ ഈ പുഴുവിനെ കാണാന്‍ ഒരു സാധ്യതയുമില്ലെന്നും പശ്ചിമഘട്ടത്തിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രമാണ്‌ ഇവയുടെ ആവാസമെന്നും വിദഗ്‌ധര്‍ പറയുന്നു. കരിമ്പു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച്‌ പരിഭ്രാന്തരാക്കാന്‍ ആരോ ചെയ്‌ത പണിയാണിതെന്നാണ്‌ നിഗമനം.
എന്തായാലും സുന്ദരമായ പുഴുവിന്റെ പേരില്‍ കൊലപാതകക്കുറ്റം ചാര്‍ത്താനുള്ള ശ്രമം അതിന്റെ നിഷ്‌കളങ്ക സൗന്ദര്യം ആസ്വദിക്കാനുള്ള ജനങ്ങളുടെ മനസ്സ്‌ നഷ്ടപ്പെടുത്തിയെന്ന്‌ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. ജനങ്ങള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നതു മൂലം ജീവികളുടെ വംശനാശത്തിനു തന്നെ ഇത്തരം പ്രചാരണങ്ങള്‍ കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *