• Home
  • kerala
  • നാളെ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് പോപ്പുലർ ഫ്രണ്ട്

നാളെ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് പോപ്പുലർ ഫ്രണ്ട്

രാജ്യത്തുടനീളം പോപ്പുലർ ഫ്രണ്ട് ഓഫിസുകളും അനുബന്ധ സ്ഥാപനങ്ങളും റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ വെള്ളിയാഴ്ച കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ . രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് പിഎഫ്ഐ സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

സംസ്ഥാനത്ത് എഴുപതോളം കേന്ദ്രങ്ങളിൽ നടന്ന റെയ്‌ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ദേശീയ- സംസ്ഥാന നേതാക്കളായ ഇരുപതോളം പേരെ എൻ ഐ എ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കമുള്ള മുതിർന്ന നേതാക്കൾ അറസ്റ്റിലായി. ഇവരിൽ എട്ട് പേരെ ഡൽഹിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. പി എഫ് ഐ ദേശീയ പ്രസിഡന്റ് ഒ എം എ സലാം, ‌സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ബഷീർ, ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ, കോഴിക്കോട് സ്വദേശി പി കോയ, ദേശീയ വൈസ് പ്രസിഡണ്ട് കളമശേരി സ്വദേശി അബ്ദുൽ റഹ്മാൻ കളമശ്ശേരി എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് പ്രമുഖ നേതാക്കൾ. ഓഫീസുകൾക്ക് പുറമേ നേതാക്കളുടെ വീടുകളിലും റെയ്‌ഡ് നടന്നിരുന്നു.

സംസ്ഥാന സർക്കാരുകളെപ്പോലും അറിയിക്കാതെ പുലർച്ചെ മൂന്നരയോടെ കേന്ദ്രസേനകളെ വിന്യസിച്ചായിരുന്നു എൻ ഐ എ റെയ്‌ഡ്. കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി തുടങ്ങിയ പതിമൂന്ന് സംസ്ഥാനങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇഡിയുടെ സഹകരണത്തോടെ റെയ്‌ഡ് നടന്നത്. ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ്, പരിശീലന ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *