• Home
  • latest news
  • പുകവലിക്കുന്ന ശിവന്റെയും പാർവതിയുടെയും ചിത്രം പുറത്തു വിട്ട് വീണ്ടും ലീന മണിമേഖല

പുകവലിക്കുന്ന ശിവന്റെയും പാർവതിയുടെയും ചിത്രം പുറത്തു വിട്ട് വീണ്ടും ലീന മണിമേഖല

പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്റെ പേരിൽ കടുത്ത വിദ്വേഷ പ്രചാരണം നേരിടുന്ന സംവിധായിക ലീന മണിമേഖല പരമശിവന്റെയും പാർവതിയുടെയും വേഷമിട്ടവർ പുകവലിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച് വീണ്ടും വാർത്തയിൽ. പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്റെ പേരിൽ നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് ലീന ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് തന്റെ സിനിമയിലെ രംഗമല്ലെന്നും ഇന്ത്യൻ ഗ്രാമങ്ങളിലെ നാടൻ കലാകാരന്മാരുടെ ജീവിതമാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് അവർ ചിത്രം പങ്കുവച്ചത്.

കാനഡയിലെ ടൊറന്റോയിൽ കഴിയുന്ന തമിഴ്നാട് സ്വദേശി ലീന തന്റെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് വിവാദം ആരംഭിച്ചത്. പോസ്റ്റര്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ലീനയ്‌ക്കെതിരെ പല സംസ്ഥാനങ്ങളിലും കേസുകൾ വന്നിട്ടുണ്ട്. വധ ഭീഷണിയും ഉണ്ടായി.
എന്നാല്‍ സിനിമ കാണുമ്പോള്‍ ഇത്തരം ആശങ്കകള്‍ അടിസ്ഥാന രഹിതമെന്ന് മനസ്സിലാകുമെന്നും തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തന്റെ സ്വന്തം ജീവനാണ് ആവശ്യപ്പെടുന്നതെങ്കില്‍ ആ വില നല്‍കാനും മടിയില്ലെന്ന് ഒരു തമിഴ് ചാനലിനോട് ലീന മണിമേഖല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *