• Home
  • latest news
  • കാളി സിനിമയുടെ പോസ്റ്റര്‍ : സംവിധായിക ലീന മണിമേഖലയ്ക്ക് വധഭീഷണി

കാളി സിനിമയുടെ പോസ്റ്റര്‍ : സംവിധായിക ലീന മണിമേഖലയ്ക്ക് വധഭീഷണി

കാളി എന്ന പേരിലുളള തന്റെ സിനിമയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെ സംവിധായിക ലീന മണിമേഖലയ്ക്ക് വധഭീഷണി. സിനിമ നിരോധിക്കണമെന്ന് പല തല്‍പരഗ്രൂപ്പുകളും ആവശ്യമുയര്‍ത്തുന്നു. കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ ഫിലിം മേക്കറാണ് ലീന മണിമേഖല. കാളി എന്ന തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ആണ് വിവാദം ഉയര്‍ത്തിയിരിക്കുന്നത്.

പോസ്റ്ററില്‍ കാളിയുടെ വേഷമണിഞ്ഞ ഒരു നടി സിഗരറ്റ് വലിക്കുന്നതാണ് കാണിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ട്വീറ്റ് ചെയ്തതിനു ശേഷമാണ് ലീനയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ട്വീറ്റ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്.

പോസ്റ്റര്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ലീനയ്‌ക്കെതിരെ ഡെല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലില്‍ ഒരു അഭിഭാഷകന്റെ പരാതി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മതവികാരം വ്രണപ്പെട്ടു എന്നാണ് പരാതി.
എന്നാല്‍ സിനിമ കാണുമ്പോള്‍ ഇത്തരം ആശങ്കകള്‍ അടിസ്ഥാന രഹിതമെന്ന് മനസ്സിലാകുമെന്നും തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തന്റെ സ്വന്തം ജീവനാണ് ആവശ്യപ്പെടുന്നതെങ്കില്‍ ആ വില നല്‍കാനും മടിയില്ലെന്ന് ഒരു തമിഴ് ചാനലിനോട് ലീന മണിമേഖല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *