നൂപുർ ശർമയ്ക്കെതിരെ ഭീഷണി മുഴക്കിയ അജ്‌മേർ ദർഗയിലെ പുരോഹിതൻ സൽമാൻ ചിസ്തിയെ അറസ്റ്റ് ചെയ്തു. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയുടെ തല വെട്ടുന്നയാൾക്ക് സ്വന്തം വീട് സമ്മാനമായി നൽകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. വീഡിയോ ക്ലിപ്പിലൂടെയായിരുന്നു നൂപുറിനെ വധിക്കാൻ ചിസ്തി ആഹ്വാനം നടത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്‌ക്കാണ് വെടി വയ്‌ക്കേണ്ടതെന്നും അജ്‌മേറിൽ നിന്നാണ് താനിത് പറയുന്നതെന്നും ചിസ്തിയുടെ വീഡിയോയിലുണ്ട്. അതേസമയം, ചിസ്തിയുടെ വീഡിയോയെ അജ്‌മേർ ദർഗ ദിവാൻ സൈനുൽ ആബിദിൻ അലി ഖാൻ അപലപിച്ചിരുന്നു. മതസൗഹാർദത്തിന്റെ സ്ഥലമാണ് ദർഗയെന്നും വീഡിയോയിലെ സന്ദേശം ദർഗയുടേതല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.













