• Home
  • kerala
  • സ്ത്രീധനം ആവശ്യപ്പെട്ട് ശല്യംചെയ്തു : പെൺകുട്ടിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

സ്ത്രീധനം ആവശ്യപ്പെട്ട് ശല്യംചെയ്തു : പെൺകുട്ടിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

കൊല്ലം ഓയൂരിൽ പ്രതിശ്രുത വരൻ സ്ത്രീധനവും ബൈക്കും ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനായ പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രിൽ 27ന് ആണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ചത്.

യുവതിയുമായി പ്രണയത്തിലായിരുന്ന അനീഷ് ബന്ധുക്കൾക്കൊപ്പം എത്തി വിവാഹാലോചന നടത്തുകയും വിവാഹം നിശ്ചയിച്ചയിക്കുകയുമായിരുന്നു.

എന്നാൽ, സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാൽ പെട്ടെന്ന് വിവാഹം നടത്താൻ സാധിക്കില്ലെന്ന് യുവതി‌യു‌ടെ വീട്ടുകാർ അറിയിച്ചു. ലളിതമായ ചടങ്ങ് നടത്തിയാൽ മതിയെന്നും ആറ് മാസത്തിനുള്ളിൽ വിവാഹം വേണമെന്നും അനീഷും കുടുംബവും ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം നിശ്ചയിച്ചു.

നിശ്ചയിച്ചത്തിന് ശേഷം അനീഷ് യുവതിയെ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ഫോൺ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്ത്രീധനമായി പണവും സ്വർണവും പുതിയ ബൈക്കുമാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. യുവതി മരിച്ച ദിവസവും ഇയാൾ ഫോണിലൂടെ സ്ത്രീധനം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി. പെൺകുട്ടിയുടെ പിതാവ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു.

പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൂയപ്പള്ളി പൊലീസ് കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒളിവിൽപോയ അനീഷിനെ പൂയപ്പള്ളി ഇൻസ്പെക്ടർ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *