• Home
  • kerala
  • ഗുരുവായൂരപ്പന്റെ ഥാർ വീണ്ടും ലേലം ചെയ്തു: ലേലം നടന്നത് വമ്പൻ തുകയ്ക്ക്

ഗുരുവായൂരപ്പന്റെ ഥാർ വീണ്ടും ലേലം ചെയ്തു: ലേലം നടന്നത് വമ്പൻ തുകയ്ക്ക്

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വീണ്ടും ലേലം ചെയ്തു. അങ്ങാടിപ്പുറം സ്വദേശിയും പ്രവാസി വ്യവസായിയുമായ വിഘ്നേഷ് വിജയകുമാർ 43 ലക്ഷം രൂപയ്ക്കാണ് ഥാർ സ്വന്തമാക്കിയത്.

ഇന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന പുനർലേലത്തിൽ ആകെ 15 പേരാണ് പങ്കെടുത്തത്. 15 ലക്ഷമായിരുന്നു വാഹനത്തിന് നിശ്ചയിച്ചിരുന്ന അടിസ്ഥാന വില. അതേസമയം, കഴിഞ്ഞതവണത്തെ ലേലത്തിൽ വാഹനം സ്വന്തമാക്കിയ അമൽ മുഹമ്മദ് അലി ഇത്തവണ ലേലത്തിൽ പങ്കെടുത്തില്ല.

വിഘ്നേഷ് വിജയകുമാർ ദുബായിലെ വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡി.യാണ്. അനൂപ് എന്നയാളാണ് ഇദ്ദേഹത്തിന് വേണ്ടി ലേലത്തിൽ പങ്കെടുത്തത്. വിഘ്നേഷിന്റെ അച്ഛനും ലേലത്തിനെത്തിയിരുന്നു. 43 ലക്ഷം രൂപയ്ക്ക് പുറമേ ജി.എസ്.ടി.യും വിഘ്നേഷ് നൽകണം.

വാഹനം സ്വന്തമാക്കിയ വിഘ്നേഷ് ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും ആദ്യത്തെ ലേലം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും ലേലത്തിൽ പങ്കെടുത്ത അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. എത്ര തുകയാണെങ്കിലും വാഹനം സ്വന്തമാക്കാൻ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങൾ എല്ലാമാസവും ഗുരുവായൂരിൽ ദർശനത്തിന് വരാറുണ്ടെന്ന് വിഘ്നേഷിന്റെ അച്ഛനും പ്രതികരിച്ചു. വാഹനം അങ്ങാടിപ്പുറത്തേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ നടന്ന ആദ്യ ലേലത്തിൽ ഇടപ്പള്ളി സ്വദേശിയും പ്രവാസിയുമായ അമൽ മുഹമ്മദ് അലി 15.10 ലക്ഷം രൂപയ്ക്കാണ് ഥാർ സ്വന്തമാക്കിയത്. എന്നാൽ പ്രചാരം നൽകാതെ ലേലം നടത്തിയെന്നും ലേലത്തിൽ പങ്കെടുത്തത് ഒരാൾ മാത്രമാണെന്നും പരാതി ഉയർന്നു. വിവാദമായതോടെ അമലിന് വാഹനം വിട്ടുനൽകിയില്ല.

തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം ദേവസ്വം കമ്മീഷണർ സിറ്റിങ് നടത്തുകയും വാഹനം വീണ്ടും ലേലം ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് മഹീന്ദ്ര കമ്പനി പുതിയ മോഡൽ ഥാർ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *