പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുർ ശർമയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഖത്തറും കുവൈത്തും. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ തീവ്രവാദവും വിദ്വേഷവും വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് കുവൈത്ത് പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ ഒരു ടിവി ചര്‍ച്ചയ്ക്കിടെയും ഡല്‍ഹി ബിജെപി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമര്‍ ജിന്‍ഡാല്‍ ട്വിറ്ററിലുമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഗ്യാന്‍വാപി വിഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവരുടെയും പരാമര്‍ശങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സംഭവത്തിൽ നൂപുറിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്നു ഖത്തർ പറഞ്ഞു. അതേസമയം, ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് നൂപുർ ശർമ പറഞ്ഞു. തന്റെ മതവിശ്വാസത്തെ മുറിവേല്‍പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നും നൂപുര്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അത് പിൻവലിക്കുന്നതായും നൂപുർ പറഞ്ഞു.













