• Home
  • kerala
  • മുഖ്യമന്ത്രി രാജിവെക്കണം: കെ സുധാകരൻ
Image

മുഖ്യമന്ത്രി രാജിവെക്കണം: കെ സുധാകരൻ

തൃക്കാക്കരയിലെ ജനഹിതം കേരളത്തിന്റെ ജനഹിതമാണെന്നും, അതംഗീകരിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ നിലംപരിശായെന്നും കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് ഈ തിരഞ്ഞെടുപ്പിലൂടെ ഉണ്ടായി. എല്ലാ ജില്ലകളിൽനിന്നുമുള്ള കോൺഗ്രസ് പ്രവർത്തകർ തൃക്കാക്കരയിലെത്തി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കെ.റെയിൽ വേണ്ട എന്ന പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പ് ഫലം. പദ്ധതിയുടെ പേരിൽ അമ്മമാരെയും കുട്ടികളെയും വലിച്ചിഴച്ചത് ആരും മറക്കില്ല. കെ റെയിലിന്റെ പേരിലാണ് എൽഡിഎഫ് വോട്ടു ചോദിച്ചത്. ഇനിയെങ്കിലും ജനതാൽപര്യം അനുസരിച്ചുള്ള വികസനവുമായി സർക്കാർ മുന്നോട്ടു പോകണം.

അതിനുള്ള മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ്. ഇടതു സർക്കാരിന്റെ
നിലനിൽപ്പിന്റെ ചോദ്യചിഹ്നമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണാൻ കഴിയുക. തൃക്കാക്കര തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലെന്നാണ് പാർട്ടി സെക്രട്ടറിയും മന്ത്രിമാരും പറഞ്ഞത്. തൃക്കാക്കരയിലെ ജനഹിതം കേരളത്തിന്റെ ജനഹിതമാണ്. അന്തസ്സുണ്ടെങ്കിൽ പിണറായി രാജിവയ്ക്കണം. മുൻകാല തിരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതിയാണ് ഒരു മുഖ്യമന്ത്രി ഇത്രയും ദിവസം മണ്ഡലത്തിൽ തങ്ങിയത്. എന്നിട്ടും ഒരു റൗണ്ടിൽപോലും മുന്നിലെത്താൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി ജനങ്ങൾ സാകൂതം കാത്തിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് ധൂർത്താണ് എൽഡിഎഫ് നടത്തിയത്. ഒരു ഉപതിരഞ്ഞെടുപ്പിലും ഇത്ര തുക ചെലവഴിച്ചു കാണില്ല. കള്ളവോട്ടും വ്യാപകമായി നടന്നു. കോൺഗ്രസ് നേതാവായിരുന്ന കെ.വി.തോമസ് എൽഡിഎഫിലെത്തിയതു സംബന്ധിച്ച ചോദ്യത്തിന്, എന്തു കെ.വി.തോമസ്? സ്വന്തം പഞ്ചായത്തിൽ പത്ത് വോട്ടു ആ പേരിൽ കിട്ടിയോ എന്നായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

സഭയുടെ പിന്തുണ ലഭിച്ചോ എന്ന ചോദ്യത്തിന്, കോൺഗ്രസിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നായിരുന്നു മറുപടി. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടന്നത്. അല്ലാതെ സഭയുമായല്ല മത്സരം. സഭയുടെ പിന്തുണയും കോൺഗ്രസിനു ലഭിച്ചിട്ടുണ്ട്. ഇടതു സ്ഥാനാർഥിയുടെ പേരിൽ വ്യാജ വിഡിയോ ഇറക്കിയത് ആരാണെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സൂചനയാണിതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *