മംഗളൂരുവിലെ മലാലി ജുമാ മസ്ജിദിനുള്ളിൽ ക്ഷേത്രസമാനമായ കെട്ടിടം കണ്ടെത്തിയെന്ന വാർത്ത(കണ്ടെത്തിയത് ആരെന്ന് വ്യക്തമല്ല) പരന്നതിനെ തുടർന്ന് മസ്ജിദിനു ചുറ്റും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മെയ് 26 രാവിലെ 8 വരെ മസ്ജിദിന്റെ 500 മീറ്റർ പരിധിയിൽ പോലീസ് ആക്ട് 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
വലതുപക്ഷ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മലാലിയിലെ ശ്രീരാമാഞ്ജനേയ ഭജന മന്ദിരത്തിൽ ‘താംബൂല പ്രശ്നം’ നടത്തിയതിന് ശേഷമാണ് വാർത്ത പരന്നത്. മലാലി ജുമാ മസ്ജിദിലെ നവീകരണ പ്രവർത്തനത്തിനിടെയാണ് ക്ഷേത്ര ഘടന കണ്ടെത്തിയത് എന്ന വാർത്ത പുറത്തു വന്നത് .. മസ്ജിദ് അധികൃതരുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
രേഖകൾ പരിശോധിക്കുന്നത് വരെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് വിഎച്ച്പി പ്രവർത്തകർ ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. ഈ സ്ഥലം യഥാർത്ഥത്തിൽ വാസു വാധിരാജ് മാട്ടിന്റേതാണെന്നാണ് സംഘടനയുടെ വാദം.
“തീർച്ചയായും ഒരു ഹിന്ദു ദൈവമുണ്ടെന്ന് ഇവിടെയുള്ള എല്ലാ ഹിന്ദുക്കളും ശക്തമായി വിശ്വസിക്കുന്നു. സ്ഥലം വീണ്ടെടുക്കാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപീകരിക്കും. ഈ പോരാട്ടം രാമക്ഷേത്ര പ്രചാരണം പോലെയായിരിക്കാം,” ഒരു വിഎച്ച്പി നേതാവ് പറഞ്ഞു. സംഭവത്തിലെ സത്യാവസ്ഥ കണ്ടെത്താൻ പുരാവസ്തു സർവേ നടത്തണമെന്ന് പ്രാദേശിക എംഎൽഎ ഭരത് ഷെട്ടി ആവശ്യപ്പെട്ടു.













