മധ്യപ്രദേശിലെ നീമുച് ജില്ലയിലെ മാനസയിൽ 65 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
രത്ലം ജില്ലയിലെ സാർസിയ സ്വദേശി
ബൻവർലാൽ ജെയിൻ ആണ് മരിച്ചത്.
‘മുഹമ്മദ് എന്നാണോ പേര് ‘ എന്ന് ചോദിച്ച് ബൻവർലാലിനെ ഒരാൾ മർദ്ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ പരിശോധിച്ച പോലീസ് ബൻവർലാലിനെ മർദ്ദിച്ചത് ദിനേശ് കുഷ്വാഹ എന്നയാളാണെന്ന് കണ്ടെത്തി. മുൻ ബിജെപി കോർപറേറ്ററുടെ ഭർത്താവാണ് ഇയാൾ.
മരിച്ച ബൻവർലാൽ ഭിന്നശേഷിക്കാരനാണെന്നും ഓർമയ്ക്ക് തകരാറുള്ള വ്യക്തി ആണെന്നും കുടുംബം പറഞ്ഞു.
രാജസ്ഥാനിൽ ഒരു മത ചടങ്ങിന് പോയതിന് ശേഷം മെയ് 15 മുതലാണ് ബൻവർലാലിനെ കാണാതായതെന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹത്തിനായുള്ള തിരച്ചിലിനിടെയാണ് ഇന്നലെ നീമുച് ജില്ലയിലെ മാനസയിൽ നിന്ന് മൃതദേഹം ലഭിച്ചത്.
വീഡിയോ പിന്നീടാണ് ബൻവർലാലിന്റെ കുടുംബത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
വിഡിയോയിൽ ബൻവാർലാലിനോട് പേര് മുഹമ്മദ് എന്നാണോ എന്ന് ചോദിക്കുന്നതും ആധാർ കാർഡ് കാണിക്കാൻ പറയുന്നതും തുടർച്ചയായി മുഖത്തടിക്കുന്നതും കാണാം.
വീഡിയോ പോലീസ് സ്റ്റേഷനിൽ കാണിച്ച ശേഷം ഇയാളെ അറസ്റ്റ് ചെയ്യാൻ ബൻവാർലാലിന്റെ കുടുംബം ആവശ്യപ്പെടുകയായിരുന്നു.
വീഡിയോ വ്യാഴാഴ്ച ഷൂട്ട് ചെയ്തതാണെന്ന് സ്റ്റേഷൻ ഓഫീസർ കെ.എൽ ഡാങ്കി അറിയിച്ചു.
കൊലപാതകത്തിനും അശ്രദ്ധ മൂലമുള്ള മരണത്തിനും കേസെടുത്തതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.
ബിജെപി വിദ്വേഷത്തിന്റെ തീ ആളിപ്പടർത്തുകയാണെന്ന് കോൺഗ്രസ് എംൽഎ ജിതു പത്വാരി പ്രതികരിച്ചു.













