അന്യജാതിക്കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന പേരിൽ 21 കാരനെ കുടുംബത്തിന് മുന്നിൽ വച്ച് കുത്തിക്കൊന്നു. ബീഗം ബസാറിലെ തെരുവിൽ വച്ചാണ് അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ കുത്തിക്കൊന്നത്. ഇന്ന് വൈകീട്ട് 7.30 ഓടെയാണ് സംഭവം നടന്നത്. ഷാഹിനയത്ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കൊല്ലപ്പെട്ട നീരജ് പൻവാർ മറ്റൊരു ജാതിയിൽ പെട്ട യുവതിയെ വിവാഹം കഴിച്ചത്.വിവാഹത്തോട് പെൺകുട്ടിയുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. ഇവർക്ക് രണ്ടര മാസം മാത്രം പ്രയമുള്ള ഒരു കുട്ടിയുമുണ്ട്. നീരജ് പൻവാർ ബീഗം ബസാറിൽ ഒരു കട നടത്തിവരികെയായിരുന്നു. കൊലപാതകത്തിൽ യുവതിയുടെ കുടുംബത്തിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. തലയിലും നെഞ്ചിലും ഉൾപ്പടെ ശരീരത്തിന്റെ പല ഭാഗത്തും കുത്തേറ്റ നീരജ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.













