• Home
  • kerala
  • വിദ്വേഷ പ്രസംഗം : പിസി ജോർജിന് മുൻ‌കൂർ ജാമ്യമില്ല…

വിദ്വേഷ പ്രസംഗം : പിസി ജോർജിന് മുൻ‌കൂർ ജാമ്യമില്ല…

വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.

തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹര്‍ജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിന്‍റെ നിലപാട്.

എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചു.

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞ പരിപാടിയിൽ ഒരു മതവിഭാഗത്തെ ആക്ഷേപിച്ച്‌ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് പി.സി ജോർജിനെതിരെ പാലാരിവട്ടം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി സ്വമേധയാ കേസെടുത്തത്. പ്രസംഗത്തിന്റെ ഓഡിയോയും ചിത്രങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

വിദ്വേഷപ്രസംഗം ശ്രദ്ധയിൽപ്പെട്ട ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഐപിസി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

സമുദായ സ്പർദ്ദയുണ്ടാക്കൽ, മനപ്പൂർവമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പി.സിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *