• Home
  • latest news
  • ഹൈദരാബാദ് കൂട്ട ബലാൽസംഗ കേസ് : പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്ന് വിദഗ്ധ സമിതി

ഹൈദരാബാദ് കൂട്ട ബലാൽസംഗ കേസ് : പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്ന് വിദഗ്ധ സമിതി

ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ പോലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതി.സംഭവത്തിൽ ഉൾപ്പെട്ട 10 പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും സമിതി ശുപാർശ ചെയ്തു. സിർപുർക്കർ കമ്മീഷന്റെ കണ്ടെത്തലുകൾ മുദ്ര വെച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിക്കും

2019 ൽ ആണ് ഷാദ്‌നഗറിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ക്ലിനിക്കിൽ സന്ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചത്.
ഇവരുടെ മൃതദേഹം ഹൈവേയിലെ ഒരു അടിപ്പാതയിൽ നിന്നാണ് കണ്ടെത്തിയത്.

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ മൂന്ന് യുവാക്കളുമായിരുന്നു കേസിലെ പ്രതികൾ. 2019 ഡിസംബറിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഇവർ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികൾ പോലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ വെടിവെപ്പിലാണ് പ്രതികൾ കൊല്ലപ്പെട്ടതുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.

എന്നാൽ ഏറ്റുമുട്ടൽ പോലീസ് കെട്ടിച്ചമച്ചതാണെന്ന് ആണ് കമ്മീഷൻ കണ്ടെത്തിയത്.

റിപ്പോർട്ടിൽ നടപടിയെടുക്കാൻ തെലങ്കാന ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിമിനൽ നീതിന്യായ വ്യവസ്ഥ സുഗമമാക്കുന്നതിനുള്ള ശുപാർശകളും ജസ്റ്റിസ് സിർപുർക്കർ അധ്യക്ഷനായ കമ്മീഷൻ കോടതിയിൽ സമർപ്പിച്ചു.

എഫ്‌ഐആർ രജിസ്‌ട്രേഷൻ, അറസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർബന്ധമായും പാലിക്കൽ, ബോഡി ക്യാമറകളുടെ ഉപയോഗം, എല്ലാ അന്വേഷണ പ്രക്രിയകളുടെയും നിർബന്ധിത വീഡിയോഗ്രഫി എന്നിവ സംബന്ധിച്ച ശുപാർശകളാണ് നൽകിയത്.

അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അന്വേഷണത്തിലുള്ള ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനും വാർത്താസമ്മേളനം നടത്തരുതെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. കള്ള സാക്ഷി പറയുന്നവർക്കെതിരെ നടപടിയെടുക്കാനും കമ്മിറ്റി ശുപാർശ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *