• Home
  • kerala
  • വ്ലോഗർ റിഫ മെഹ്‌നുവിന്റേത് തൂങ്ങി മരണം തന്നെ…

വ്ലോഗർ റിഫ മെഹ്‌നുവിന്റേത് തൂങ്ങി മരണം തന്നെ…

വ്ലോഗർ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നും മരണത്തിൽ ദുരൂഹത ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

മാർച്ച്‌ ഒന്നിനാണ് ദുബൈയിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായില്‍വച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവുചെയ്യുകയായിരുന്നു. പിന്നീടാണ് കുടുംബാംഗങ്ങൾക്ക് സംശയം തോന്നിയത്.

ദുബായില്‍വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന്, രണ്ടുമാസത്തിന് ശേഷം പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയത്.


ഒളിവിൽ കഴിയുന്ന ഇയാളെ പോലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. മെഹ്നാസ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *