രാജ്യത്തെ പണപ്പെരുപ്പം 7.8 ശതമാനമായി ഉയർന്നു. 8 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ചിൽ 7.8 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. സാധനങ്ങളുടെ വില കുതിച്ചുയരുകയും പണത്തിന്റെ മൂല്യം ഇടിയുകയും ചെയ്യുന്ന അവസ്ഥയാണ് പണപ്പെരുപ്പം.
ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 8.4 ശതമാനം ആയും നഗര ഭാഗങ്ങളിൽ 7.1 ശതമാനമായും അധികരിച്ചതായാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
ഭക്ഷ്യ വില സൂചിക മാർച്ചിലെ 7.7 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായാണ് ഉയർന്നത്. പച്ചക്കറിക്ക് 15. 41 ശതമാനമാണ് പണപ്പെരുപ്പം.
പണപ്പെരുപ്പത്തിന്റെ ഉയർന്ന സഹന പരിധി ആറു ശതമാനമെന്നാണ് ആർബിഐ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ നാലു മാസമായി അതിനു മുകളിലാണ് നിരക്ക്.
എട്ടുവര്‍ഷം മുമ്പ് 2014 മേയില്‍ പണപ്പെരുപ്പം 8.33 ശതമാനം ആയിരുന്നു . കഴിഞ്ഞ മാസം ഭക്ഷ്യവസ്‌തുക്കളുടെ പണപ്പെരുപ്പം 8.38 ശതമാനമായി കുതിച്ചു. ഇന്ധനമേഖലയിൽ 10.80 ശതമാനമായിരുന്നു പണപ്പെരുപ്പം. മാർച്ചിൽ പണപ്പെരുപ്പം അതിരുവിട്ടതിനെ തുടർന്ന് റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.40 ശതമാനം ഉയർത്തിയിരുന്നു.
പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വില കുത്തനെ ഉയർന്നതാണു പണപ്പെരുപ്പത്തിനു പ്രധാന കാരണം.
തുടർന്ന് ഭക്ഷ്യോൽപന്ന വിലകളും സാധാരണക്കാർക്കു താങ്ങാനാവാത്ത നിലവാരത്തിലേക്കു കുതിച്ചു. ഉപഭോക്തൃ വില സൂചിക നിർണയത്തിനു പരിഗണിക്കുന്ന വസ്തുക്കളിൽ പകുതിയോളം ഭക്ഷ്യോൽപന്നങ്ങളാണ്.
പണപ്പെരുപ്പ നിരക്ക് ഉയർന്ന് നിൽക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സാധാരണക്കാരുടെ നിത്യജീവിതത്തേയും സാരമായി ബാധിക്കും.
കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപ ഉണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോൾ 200 രൂപ ആയത് ചെറിയൊരുദാഹരണം മാത്രം. ഒരു ചെറുനാരങ്ങയ്ക്ക് 10 രൂപയെങ്കിലും കൊടുക്കേണ്ട അവസ്ഥ!!
തക്കാളി, ഏത്തൻപഴം, കാരറ്റ് തുടങ്ങിയവയുടെ വിലയും കുതിച്ചുയർന്നിട്ടിട്ടുണ്ട്.













