• Home
  • kerala
  • മൂലക്കുരുവിന്റെ ഒറ്റമൂലിക്ക്‌ വേണ്ടി വൈദ്യനെ ചങ്ങലക്കിട്ട് പീഡിപ്പിച്ചു…. ഒടുവിൽ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു

മൂലക്കുരുവിന്റെ ഒറ്റമൂലിക്ക്‌ വേണ്ടി വൈദ്യനെ ചങ്ങലക്കിട്ട് പീഡിപ്പിച്ചു…. ഒടുവിൽ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു

മലപ്പുറത്ത് മൂലക്കുരുവിന്‍റെ ഒറ്റമൂലി രഹസ്യം അറിയാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ കാലം തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. നിലമ്പൂരിലെ പ്രവാസി വ്യവസായിയായ ഷൈബിൻ അഷ്റഫ് , സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് , ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മൈസൂർ സ്വദേശിയായ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
രണ്ട് വർഷം മുമ്പാണ് സംഭവം

സംഭവം ഇങ്ങനെ :

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിന് വേണ്ടി നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ (60) 2019 ഓഗസ്റ്റിൽ ഷൈബിൻ തട്ടിക്കൊണ്ടുവന്നു. മൈസൂരു രാജീവ് നഗറിൽ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. തന്റെ വീടിന്റെ ഒന്നാംനിലയിൽ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയിൽ ബന്ധിച്ച് തടവിൽ പാർപ്പിച്ചായിരുന്നു പീഡനം. ഒരുവർഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല. 2020 ഒക്ടോബറിൽ ഷൈബിൻ മർദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടർന്ന് ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തിയുപയോഗിച്ച് മൃതദേഹം ബാത്റൂമിൽ വെച്ച് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി സുഹൃത്തുക്കളുടെ സഹായത്തോടെ ചാലിയാർ പുഴയിൽ തള്ളി.

ഇതേ സുഹൃത്തുക്കൾ വീട്ടിൽ മോഷണം നടത്തിയെന്ന് ഷൈബിൻ ഏപ്രിൽ 24 ന് നിലമ്പൂർ പോലീസിൽ പരാതി നൽകി.
ഈ കേസിൽ ഷൈബിന്റെ സുഹൃത്തായ നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റുള്ളവർക്കായി അന്വേഷണം നടക്കുന്നതിനിടെ പ്രതികൾ ഏപ്രിൽ 29-ന് സെക്രട്ടേറിയറ്റിനു മുൻപിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി.

തങ്ങളെക്കൊണ്ട് ഷൈബിൻ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും നീതി വേണമെന്നും പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. ഇവരെ കസ്റ്റഡിയിലെടുത്ത കന്റോൺമെന്റ് പോലീസ്, നിലമ്പൂർ പോലീസിന് കൈമാറി. ഇവരെയും നൗഷാദിനെയും ചേർത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.

രണ്ടുവർഷം പിന്നിട്ടതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പോലീസ് പറയുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി സുഹൃത്തുക്കൾ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ പോലീസിനു കൈമാറി

ശെരീഫിനെ കാണാതായപ്പോൾ ബന്ധുക്കൾ മൈസൂരു പോലീസിൽ പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ ബന്ധുക്കളെ കാട്ടി ഇത് ഷാബാ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *