• Home
  • kerala
  • മോഡലിംഗ് തൊഴിലായി സ്വീകരിച്ച സഹോദരിയെ സഹോദരൻ വെടിവെച്ചു കൊന്നു

മോഡലിംഗ് തൊഴിലായി സ്വീകരിച്ച സഹോദരിയെ സഹോദരൻ വെടിവെച്ചു കൊന്നു

പാകിസ്താനില്‍ നൃത്തവും മോഡലിംഗും തൊഴിലായി സ്വീകരിച്ചത്തിന് 21കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള റെനല ഖുർദ് ഒകാര സ്വദേശിനിയായ സിദ്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സിദ്ര ഒരു പ്രാദേശിക വസ്ത്ര ബ്രാൻഡിനായി മോഡലിംഗ് ചെയ്യുകയും ഫൈസലാബാദ് നഗരത്തിലെ തിയേറ്ററുകളിൽ നൃത്തം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുടുംബ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ്
സിദ്രയുടെ കുടുംബം തൊഴിലിനെ എതിര്‍ത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജോലി ഉപേക്ഷിക്കാൻ മാതാപിതാക്കള്‍ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.
എന്നാൽ സിദ്ര തന്‍റെ ജോലിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.

കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാൻ കഴിഞ്ഞയാഴ്ച ഫൈസലാബാദിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു സിദ്ര.

വ്യാഴാഴ്ച മാതാപിതാക്കളും സഹോദരന്‍ ഹംസയും ജോലിയുടെ പേരില്‍ വീണ്ടും സിദ്രയുമായി വഴക്കുണ്ടാക്കി. നൃത്തവും മോഡലിംഗും അവസാനിപ്പക്കണമെന്ന് പറഞ്ഞു ഹംസ സിദ്രയെ മര്‍ദ്ദിച്ചു.

പിന്നീട് ഹംസ സഹോദരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സിദ്ര സംഭവസ്ഥലത്ത് വച്ചു തന്നെ മരിക്കുകയും ചെയ്തു.

കുറ്റം സമ്മതിച്ച ഹംസയെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

സിദ്രയുടെ നൃത്തം ഒരു ബന്ധു ഹംസക്ക് മൊബൈലില്‍ അയച്ചുകൊടുത്തതാണെന്നും ഇത് കണ്ട് പ്രകോപിതനായാണ് താൻ കൊല ചെയ്തതെന്നും ഹംസ പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഫെബ്രുവരിയിൽ ഫൈസലാബാദിൽ 19 കാരിയായ നർത്തകി ആയിഷയെ മുൻ ഭർത്താവ് വെടിവച്ചു കൊന്നിരുന്നു.

പാകിസ്താന്റെ വടക്കും പടിഞ്ഞാറുമുള്ള ഗോത്രമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ദുരഭിമാന കൊലക്കേസുകൾ വര്‍ധിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *