• Home
  • kerala
  • സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം : ബന്ധുവിന്റെ വെട്ടേറ്റ യുവതി മരിച്ചു

സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം : ബന്ധുവിന്റെ വെട്ടേറ്റ യുവതി മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ സാമ്പത്തിക തർക്കത്തെ ചൊല്ലി ബന്ധുവായ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

ഏപ്രില്‍ 28നു ഉച്ചയ്ക്കാണ് ഷാലുവിന് വെട്ടേറ്റത്.
അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷാലു. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരനും അയൽവാസിയുമായ ഇങ്കി അനില്‍ എന്നറിയപ്പെടുന്ന അനില്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയില്‍ നിന്ന് മരം വെട്ടുകയായിരുന്നു അനില്‍. ഉച്ച ഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാന്‍ സ്‌കൂട്ടിയില്‍ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞു നിര്‍ത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഷാലുവിനെ വെട്ടിയ ശേഷം അനില്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി അനിലിനെ കീഴടക്കുകയായിരുന്നു.

ബന്ധുവായ അനിലുമായി സാമ്പത്തിക ഇടപാടുകളിൽ ഷാലുവിന് തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നാളെ മൃതദേഹം വസതിയില്‍ എത്തിക്കും.
ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച ഷാലു.
ഭര്‍ത്താവ് വിദേശത്താണ്.

Leave a Reply

Your email address will not be published. Required fields are marked *